‘അമിത് ഷാ കാറിലിരുന്ന് വിറയ്ക്കുകയായിരുന്നു’; രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സഭാരേഖയിൽ നിന്ന് നീക്കി

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധി ലോക്സഭയിൽ സംസാരിക്കുന്നു, അമിത് ഷാ | Photos: youtube.com/rahulgandhi, PTI
രാഹുൽ ഗാന്ധി ലോക്സഭയിൽ സംസാരിക്കുന്നു, അമിത് ഷാ | Photos: youtube.com/rahulgandhi, PTI

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്തു

സ്പീക്കറുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും ആർഎസ്എസിനെതിരെയും രാഹുൽ നടത്തിയ പരാമർശങ്ങളാണ് പ്രധാനമായും നീക്കം ചെയ്തത്.

ആഭ്യന്തര മന്ത്രി അമിത് ഷാ 30 കാറുകളുള്ള വാഹന വ്യൂഹത്തിലാണ് സഭയിലേക്ക് വന്നത്, അതിന്റെ അകത്തിരുന്ന് അദ്ദേഹം വിറയ്ക്കുകയായിരുന്നു എന്നീ പരാമർശങ്ങളാണ് സഭാരേഖകളിൽ നിന്ന് നീക്കിയത്. കൂടാതെ, വിദ്യാർഥികളെ വെടിവെക്കാൻ ആഭ്യന്തര മന്ത്രി അനുമതി നൽകി എന്ന പരാമർശവും സഭാരേഖകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആർഎസ്എസ്സിനെ കുറിച്ച് പരോക്ഷമായി പറഞ്ഞ 'ഇഡിയറ്റ്' പരാമർശവും സ്പീക്കർ സഭാരേഖകളിൽ നിന്ന് നീക്കി.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പാർലമെന്ററി കാര്യമന്ത്രിയുമാണ് രാഹുലിന്റെ പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം സഭയിൽ ഉന്നയിച്ചത്.

അതേസമയം, രാജ്യത്തെ യുവാക്കളുടെ ഭാവി കൊണ്ട് പന്താടുന്ന ആരെയും വെറുതെ വിടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള ബില്ല് പാസാക്കിയതിനെ സ്വാഗതം ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. യുവാക്കളുടെ ഭാവി വെച്ച് കളിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Lok Sabha Speaker expunged opposition leader Rahul Gandhi's remarks targeting Home Minister Amit Shah and RSS, following strong objections raised in Parliament by Defense Minister Rajnath Singh and Parliamentary Affairs Minister.