രാജീവും സോണിയയും ആദ്യമായി കണ്ടുമുട്ടിയ റെസ്റ്റോറന്റിലേക്ക് പെൺസുഹൃത്തിനെ കൂട്ടിക്കൊണ്ടുപോയ ഓർമ പങ്കുവെച്ച് രാഹുൽ ഗാന്ധി

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി | Photo: AFP
രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി | Photo: AFP

ന്യൂഡൽഹി: രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയ റെസ്റ്റോറന്റിലേക്ക് പെൺസുഹൃത്തിനെ കൂട്ടിക്കൊണ്ടുപോയ ഓർമ്മ പങ്കുവെച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മാതാപിതാക്കളുടെ പ്രണയകഥയിൽ ഏറെ പ്രത്യേകതയുള്ള ആ സ്ഥലം കാണണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും കേംബ്രിഡ്ജിലായിരുന്നപ്പോൾ ഈ റെസ്റ്റോറന്റിലേക്ക് പോകാമെന്ന് പെൺസുഹൃത്തിനോട് പറയുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മഞ്ഞ നിറത്തിലുള്ള വാതിലുള്ള ആ റെസ്റ്റോറന്റിൽ പ്രവേശിച്ചതും ജീവനക്കാരനുമായി ഉണ്ടായ രസകരമായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. അവിടുത്തെ നല്ല വിഭവം ഏതാണെന്ന് ചോദിച്ചപ്പോൾ 'ചിക്കൻ ചോസർ' ആണ് നല്ലതെന്ന് ജീവനക്കാരൻ നിർദ്ദേശിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ ചിക്കൻ ചോസർ ഓർഡർ ചെയ്തു. അവിടുത്തെ ഭക്ഷണം മികച്ചതായിരുന്നു എന്നാണ് മാതാപിതാക്കൾ പറഞ്ഞിരുന്നതെങ്കിലും, തനിക്ക് അത് വളരെ മോശമായാണ് അനുഭവപ്പെട്ടതെന്ന് രാഹുൽ പറഞ്ഞു. "നിങ്ങൾക്ക് പ്രണയിക്കണമെങ്കിൽ വാർസിറ്റി റെസ്റ്റോറന്റിൽ പോകാം, എന്നാൽ അവിടുത്തെ ചിക്കൻ ചോസർ ഒരിക്കലും കഴിക്കരുത്" എന്ന് രാഹുൽ തമാശരൂപേണ പറഞ്ഞു.

സോണിയാ ഗാന്ധിയുടെ 'ബിലോങ്ങിംഗ്: എ ജർണി ഓഫ് ലവ് എന്ന ഓർമ്മക്കുറിപ്പിന്റെ പ്രകാശന ചടങ്ങിലായിരുന്നു രാഹുൽ ഗാന്ധിയുടെ ഈ വെളിപ്പെടുത്തൽ. രാജീവ് ഗാന്ധിയുമൊത്തുള്ള തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചാണ് സോണിയാ ഗാന്ധി ഈ പുസ്തകത്തിൽ വിവരിക്കുന്നത്. 1965-ൽ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള 'വാഴ്സിറ്റി റെസ്റ്റോറന്റ്' എന്ന ചെറിയ ഗ്രീക്ക് റെസ്റ്റോറന്റിൽ വെച്ചാണ് താൻ രാജീവ് ഗാന്ധിയെ ആദ്യമായി കണ്ടുമുട്ടിയതെന്ന് സോണിയാ ഗാന്ധി എഴുതുന്നു. യൂറോപ്പിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിദ്യാർഥികൾ പതിവായി എത്തിയിരുന്ന ഒരു ഇടമായിരുന്നു അത്.

കേംബ്രിഡ്ജിലെ ഒരു ചെറിയ ഗ്രീക്ക് റെസ്റ്റോറന്റിലാണ് തന്റെ പ്രണയയാത്ര ആരംഭിച്ചതെന്നും രാജീവും താനും ചേർന്ന് സ്നേഹവും സന്തോഷവും ഓർമ്മകളും നിറഞ്ഞ ഒരു ലോകം സൃഷ്ടിച്ചുവെന്നും സോണിയാ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇറ്റലിയിൽ കഴിച്ചിരുന്ന ഭക്ഷണത്തിന് സമാനമായ ഭക്ഷണം തേടിയാണ് സോണിയ അവിടെയെത്തിയതെന്നും, അവിടെവച്ച് ഒരു സുഹൃത്താണ് രാജീവിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും സോണിയ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.