'ഗ്യാന്യേഷ്, ഇറ്റ്‌സ് ഡൺ ബ്രോ'; ഇന്ത്യ മുന്നണി മാർച്ചിൽ പ്രതിഷേധ പ്ലക്കാഡുമായി രാഹുൽ ഗാന്ധി

#ന്യൂസ് ഡെസ്ക്
തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്ലക്കാർഡ് ഉയർത്തിപ്പിടിക്കുന്നു. | Photo: AICC/ANI Photo
തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്ലക്കാർഡ് ഉയർത്തിപ്പിടിക്കുന്നു. | Photo: AICC/ANI Photo

ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനപ്പരിശോധനയിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാന്യേഷ് കുമാറിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ വ്യത്യസ്തമായ പ്ലക്കാർഡുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ഗ്യാന്യേഷ്, ഇറ്റ്‌സ് ഡൺ’ എന്ന് എഴുതിയ പ്ലക്കാർഡ് കയ്യിലേന്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കുള്ള മാർച്ചിന് രാഹുൽ ഗാന്ധി നേതൃത്വം നൽകിയത്.

കഴിഞ്ഞ ജൂലൈയിൽ നടൻ സൽമാൻ ഖാൻ ‘എക്‌സി’ൽ പങ്കുവെച്ച ‘സോനം, ഇറ്റ്‌സ് ഡൺ, ബ്രോ’ എന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ തരംഗമാവുകയും ഇൻസ്റ്റന്റ് മീം ടെംപ്ലേറ്റായി മാറുകയും ചെയ്തിരുന്നു. വിദ്യാർഥികളും പ്രതിഷേധക്കാരും ഇതിന്റെ പല രൂപങ്ങൾ പിന്നീട് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഈ ജനപ്രിയ ട്രെൻഡ് ഏറ്റെടുത്താണ് ഇപ്പോൾ രാഹുൽ ഗാന്ധിയും പ്രതിഷേധരംഗത്ത് എത്തിയിരിക്കുന്നത്.

പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണി ദേശീയ തലസ്ഥാനത്തിന്റെ തെരുവുകളിൽ ഇറങ്ങിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡുകൾ സ്ഥാപിച്ചാണ് ഡൽഹി പോലീസ് മാർച്ച് തടഞ്ഞത്. രാഹുൽ ഗാന്ധി, ബാരിക്കേഡിനു മുകളിൽ കയറുകയും ദേശീയപതാക വീശുകയും ചെയ്തു.

സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിന് ലഭിച്ച സാർവത്രിക പ്രായപൂർത്തി വോട്ടവകാശം അട്ടിമറിക്കപ്പെടുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന്റെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും നേരത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ‘ജനങ്ങളുടെ എല്ലാ അവകാശങ്ങളും സർക്കാർ കവർന്നെടുക്കുന്ന അനീതിക്കെതിരെയാണ് ഞങ്ങൾ പോരാടുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം നമുക്ക് ലഭിച്ച സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ ഇല്ലാതാക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നത്’, ഖാർഗെ വ്യക്തമാക്കി.