രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും തലപ്പത്ത് ദളിതരും ദുർബലവിഭാഗങ്ങളും എത്താൻ കാത്തിരിക്കുന്നു- രാഹുല്‍

രാഹുല്‍ ഗാന്ധി | Photo: PTI
രാഹുല്‍ ഗാന്ധി | Photo: PTI

പട്‌ന: രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും നേതൃസ്ഥാനങ്ങളില്‍ ദളിതരും ദുര്‍ബലവിഭാഗക്കാരും എത്തുന്ന ദിവസത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ ദളിത് വ്യക്തിത്വവുമായ ജഗന്‍ ലാല്‍ ചൗധരിയുടെ ജന്മവാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും അദ്ദേഹം ആവര്‍ത്തിച്ചു. 

ദളിതര്‍ക്കും താഴേക്കിടയിലുള്ളവര്‍ക്കും ഭരണഘടന അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനാല്‍, ബി.ജെ.പിയും ആര്‍.എസ്.എസും ഭരണഘടനയ്ക്ക് എതിരാണെന്നും രാഹുല്‍ ആരോപിച്ചു. നിലവിലെ അധികാരഘടനയിലും രാജ്യത്തെ സ്ഥാപനങ്ങളിലും ദളിതര്‍ക്കും താഴേക്കിടയിലുള്ളവര്‍ക്കും പങ്കാളിത്തമില്ല. ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും സമൂഹത്തിലെ ദുര്‍ബല വിഭാഗക്കാരുടെയും കൃത്യമായ എണ്ണം അറിയാന്‍ രാജ്യവ്യാപക ജാതി സെന്‍സസ് നടത്തേണ്ടത് ആവശ്യമാണ്. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള തന്റെ പോരാട്ടം തുടരുമെന്നും രാഹുല്‍ പട്‌നയില്‍ പറഞ്ഞു.

ദളിതര്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന വിഷയത്തില്‍ ബി.ജെ.പിക്കെതിരേ രാഹുല്‍ അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ദളിതര്‍ക്ക് പ്രാതിനിധ്യം നല്‍കിവരുന്നുണ്ടെങ്കിലും അധികാരഘടനയില്‍ പങ്കാളിത്തമില്ലെങ്കില്‍പ്പിന്നെ ആ പ്രാതിനിധ്യംകൊണ്ട് കാര്യമില്ല. തീരുമാനങ്ങള്‍ എടുക്കുന്നത് വേദിക്ക് പിന്നില്‍ നില്‍ക്കുന്നവരാണെങ്കില്‍, നിങ്ങളെ വേദിയിലിരുത്തുന്നതില്‍ അര്‍ഥമില്ല.

വ്യത്യസ്ത ജാതികളില്‍നിന്നുള്ളവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നത് ഇന്നത്തെ കാലത്ത് ഒരു ഫാഷനായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി മോദിയും ഇത് പറയാറുണ്ട്. പക്ഷേ, അതിനു ശേഷം നിങ്ങള്‍, എം.എല്‍.എമാരുടെ അധികാരങ്ങള്‍ കവരുന്നു. ലോക്‌സഭാ എം.പിമാര്‍ക്കു പോലും എന്തെങ്കിലും തീരുമാനങ്ങളെടുക്കാന്‍ അധികാരമില്ല. നിങ്ങള്‍ മന്ത്രിമാരാക്കി, പക്ഷേ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ആര്‍.എസ്.എസില്‍നിന്നാണ്. ചോദ്യം നിയന്ത്രണത്തെയും പങ്കാളിത്തത്തെയും കുറിച്ചാണ്, രാഹുല്‍ പറഞ്ഞു.

അദാനിയും അംബാനിയും നിര്‍മിച്ച മുഴുവന്‍ ആശുപത്രികള്‍ക്കും സര്‍ക്കാര്‍ ഭൂമിയും മറ്റ് സൗകര്യങ്ങളും നല്‍കി. എന്നാല്‍, ഏത് ആശുപത്രിയാണ് ദളിതരുടെ പേരില്‍ നിര്‍മിച്ചത്, രാഹുല്‍ ചോദിച്ചു.

Content Highlights: rahul gandhi on dalit participation in power structure and representation