ഹരിയാണയില്‍ അവൾ സരസ്വതിയും സ്വീറ്റിയും സീമയുമായി; രാഹുൽ പറഞ്ഞ ആ അജ്ഞാത ബ്രസീലിയൻ മോഡൽ ആര്?

രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ ഉപയോഗിച്ച ചിത്രം | Photo: @matheusferrero
രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ ഉപയോഗിച്ച ചിത്രം | Photo: @matheusferrero

ന്യൂഡല്‍ഹി: വോട്ട് മോഷണവും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും സംബന്ധിച്ച് വീണ്ടും നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരായ 'വോട്ട് ചോരി' (വോട്ട് മോഷണം) ആരോപണങ്ങള്‍ ആവര്‍ത്തിക്കാനായി രാഹുല്‍ ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ഉപയോഗിച്ച ഒരു മോഡലിന്റെ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നത്.

കഴിഞ്ഞ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സ്ത്രീ 22 തവണ വോട്ട് ചെയ്തതായി രാഹുല്‍ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. 'ആരാണ് ഈ സ്ത്രീ? എന്താണ് അവരുടെ പേര്? എവിടെ നിന്നാണ് അവര്‍ വരുന്നത്? ആര്‍ക്കും അറിയില്ല, എന്നാല്‍ അവര്‍ ഹരിയാണയില്‍ 10 വ്യത്യസ്ത ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തിട്ടുണ്ട്. അവര്‍ക്ക് സീമ, സ്വീറ്റി, സരസ്വതി, രശ്മി, വില്‍മ എന്നിങ്ങനെ  പേരുകളുണ്ട്.' രാഹുല്‍ പറഞ്ഞു.

ഹരിയാണയിലെ നിരവധി വോട്ടര്‍മാര്‍ക്കായി ഈ സ്ത്രീയുടെ ചിത്രം ഉപയോഗിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. 'എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു ബ്രസീലിയന്‍ മോഡലാണെന്ന് പിന്നീട് വ്യക്തമായി.' എന്നാണ് പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. അതേസമയം, ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ പലതവണ ഫോട്ടോ വന്ന ആ യുവതി ആരാണ് എന്ന അന്വേഷണം എത്തിനില്‍ക്കുന്നത് ഒരു ബ്രസീലിയന്‍ ഫോട്ടോഗ്രാഫറിലാണ്.

അവര്‍ ഒരു ബ്രസീലിയന്‍ മോഡലാണെന്ന് രാഹുല്‍ അവകാശപ്പെട്ടെങ്കിലും, ഫോട്ടോ എടുത്തത് ഒരു ബ്രസീലിയന്‍ ഫോട്ടോഗ്രാഫറാണെന്നതാണ് സത്യം എന്നാണ് ഇന്ത്യ ടുടേയില്‍ വന്നിരിക്കുന്ന ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതേസമയം, ഈ സ്ത്രീയുടെ ഐഡന്റിറ്റി ഇപ്പോഴും രഹസ്യമായി തുടരുന്നു. മത്തേവൂസ് ഫെരേരോ എന്ന ഫോട്ടോഗ്രാഫറാണ് 2017-ല്‍ ഈ മോഡലിന്റെ ഫോട്ടോ എടുത്തിരിക്കുന്നത്.

ഗൂഗിളില്‍ നടത്തിയ ലളിതമായ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍, ഫെരേരോയാണ് മോഡലിന്റെ ഫോട്ടോ എടുത്തതെന്ന് വ്യക്തമായി. എന്നാല്‍, അദ്ദേഹം അവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ മോഡലിന്റെ ചിത്രങ്ങള്‍ അണ്‍സ്പ്ലാഷ്, പെക്‌സല്‍സ് തുടങ്ങിയ പ്രമുഖ സ്റ്റോക്ക് ഇമേജ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. അതിന്റെയെല്ലാം ഉടമസ്ഥാവകാശം ഫെരേരോയുടെ പേരിലാണ്.

ഇമേജ്-ഹോസ്റ്റിംഗ് പ്ലാറ്റ്ഫോമായ അണ്‍സ്പ്ലാഷില്‍ 2017-ല്‍ ഫെരേരോ എടുത്ത ഇതേ മോഡലിന്റെ രണ്ട് ചിത്രങ്ങളുണ്ട്. ഒന്ന്, ഹരിയാന വോട്ടര്‍ ഐഡികളില്‍ പ്രത്യക്ഷപ്പെട്ടു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ഫോട്ടോയാണ്. രണ്ടാമത്തേതില്‍, അതേ മോഡല്‍ അതേ വേഷത്തില്‍വെളുത്ത ടീ ഷര്‍ട്ടിന് മുകളില്‍ ഒരു ഡെനിം ജാക്കറ്റും വലിയ കമ്മലുകളുമായി അതേ പശ്ചാത്തലത്തില്‍ കാണപ്പെടുന്നു. രണ്ട് വ്യത്യസ്ത ഷോട്ടുകള്‍, പക്ഷേ വ്യക്തമായും ഒരേ മോഡല്‍ തന്നെ.

മറ്റൊരു സൗജന്യ ഇമേജ് ഹോസ്റ്റിംഗ് സൈറ്റില്‍, രാഹുല്‍ ഗാന്ധി കാണിച്ച ചിത്രത്തിന്റെ അടിക്കുറിപ്പ്, 'നീല ഡെനിം ജാക്കറ്റ് ധരിച്ച സ്ത്രീ' എന്നാണ്. സീമ, സ്വീറ്റി, സരസ്വതി, രശ്മി, വില്‍മ തുടങ്ങിയ പേരുകളില്‍ ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ട, ഫെരേരോ എടുത്ത രണ്ട് ചിത്രങ്ങളിലൊന്ന് 2017 മുതല്‍ വിവിധ വാര്‍ത്താ മാധ്യമങ്ങളും സൗന്ദര്യവര്‍ദ്ധക വെബ്‌സൈറ്റുകളും ഒരു സ്റ്റോക്ക് ചിത്രമായി ഉപയോഗിച്ചുവരുന്നുണ്ട്.

സൗന്ദര്യ, ചര്‍മ്മ സംരക്ഷണ ടിപ്പുകള്‍, ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍ സ്റ്റോറികള്‍, മോട്ടിവേഷണല്‍ ബ്ലോഗുകള്‍ മുതല്‍ വാര്‍ത്താ ഫീച്ചറുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, വെല്‍നസ്, കോസ്‌മെറ്റിക് ചികിത്സാ ലേഖനങ്ങള്‍ വരെ വിപുലമായ ഉള്ളടക്കങ്ങള്‍ക്കായി ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല, ഇന്ത്യന്‍ സ്ത്രീകളുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളും ഈ ചിത്രം പ്രൊഫൈല്‍ ഫോട്ടോയായി ഉപയോഗിച്ചിട്ടുണ്ട്.

ഇപ്പോള്‍ ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഈ സ്ത്രീയുടെ ഫോട്ടോ എടുത്തത് ഒരു ബ്രസീലുകാരനാണ് എന്നത് ശരിയാണെങ്കിലും, രാഹുല്‍ ബ്രസീലുകാരിയാണെന്ന് അവകാശപ്പെട്ട മോഡലിന്റെ പൗരത്വം ഇപ്പോഴും സ്ഥിരീകരിക്കാനായിട്ടില്ല.

ഈ മോഡലിന്റെ ചിത്രം തെളിവായിവെച്ച് 2024-ലെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തോതിലുള്ള വോട്ടര്‍ തട്ടിപ്പ് നടന്നതായി രാഹുല്‍ അവകാശപ്പെട്ടു. '100% തെളിവ്' എന്ന് വിശേഷിപ്പിച്ചുകൊണ്ട്, സംസ്ഥാനത്തെ വോട്ടര്‍മാരുടെ ഏകദേശം 12% വരുന്ന 25 ലക്ഷം കള്ളവോട്ടുകള്‍ ചെയ്തതായി അദ്ദേഹം വാദിച്ചു. കോണ്‍ഗ്രസ് വിജയത്തെ പരാജയമാക്കി മാറ്റാന്‍ ഉദ്ദേശിച്ചുള്ള 'ആസൂത്രിതമായ കൃത്രിമം' നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍, സംസ്ഥാനത്തെ വോട്ടര്‍ പട്ടികയ്ക്കെതിരെ അപ്പീലുകളൊന്നും നല്‍കിയിട്ടില്ലെന്നും 90 നിയമസഭാ സീറ്റുകളില്‍ 22 തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ മാത്രമാണ് പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയില്‍ നിലവിലുള്ളതെന്നും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ രാഹുലിന്റെ വാദങ്ങളെ തള്ളി. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ കിരണ്‍ റിജിജു, രാഹുല്‍ ഗാന്ധി മോഡലിന്റെ ചിത്രം ഉപയോഗിച്ചതിനെ തള്ളിക്കളഞ്ഞു.

Content Highlights: Discover the mystery behind the Brazilian model`s photo linked to multiple voter names like Saraswati, Sweety, and Seema in Haryana`s alleged vote irregularities accused by rahul gandhi. Uncover the truth. brazilian photographer matheus ferrero's photo details