കരസേനാ മുൻമേധാവിയുടെ ഓർമക്കുറിപ്പ് ലോക്സഭയിൽ വായിച്ച് രാഹുൽ,ചോദ്യംചെയ്ത് രാജ്‌നാഥും അമിത് ഷായും;ബഹളം

രാജ്‌നാഥ് സിങ്, അമിത് ഷാ,രാഹുല്‍ ഗാന്ധി |ഫോട്ടോ:ANI
രാജ്‌നാഥ് സിങ്, അമിത് ഷാ,രാഹുല്‍ ഗാന്ധി |ഫോട്ടോ:ANI

ന്യൂഡൽഹി: കരസേനാ മുൻ മേധാവി മനോജ് മുകുന്ദ് നരവനെയുടെ ഓർമക്കുറിപ്പുകൾ രാഹുൽ ഗാന്ധി വായിച്ചത് ലോക്‌സഭയെ പ്രക്ഷുബ്ധമാക്കി. രാഹുലിനെ ചോദ്യം ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ളവർ രംഗത്തെത്തി. ഇത് ലോക്‌സഭയിൽ ബഹളത്തിനിടയാക്കി.ലോക്സഭയിൽ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലായിരുന്നു രാഹുലിന്റെ പരാമർശങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭയിലുണ്ടായിരുന്നു.

സർക്കാരിനെതിരായ തന്റെ വിമർശനത്തിന് അടിവരയിടുന്നതിനായി രാഹുൽ ഒരു മാസികയിൽ നിന്നുള്ള അച്ചടിച്ച പേജുകൾ പ്രദർശിപ്പിക്കുകയും അതിലെ ഭാഗങ്ങൾ വായിക്കുകയും ചെയ്തു. ദോക്ലാം വിഷയവും ചൈന ഭൂമി കൈയേറി എന്നടക്കമുള്ള വിമർശനമാണ് രാഹുൽ ആരോപിച്ചത്. ഇതോടെയാണ് ഭരണപക്ഷത്ത് നിന്ന് എതിർപ്പുകൾ ഉയർന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇടപെട്ടു, രാഹുൽ സഭയിൽ കാണിക്കുന്ന ഓർമ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന ചോദ്യമാണ് രാജ്‌നാഥ് ഉയർത്തിയത്. ഇത് സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്‌നാഥ് സിങ്ങിനെ പിന്തുണച്ച് അമിത് ഷായും രംഗത്തെത്തി. ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കാര്യങ്ങൾ മാത്രം പറയണമെന്ന് അമിത് ഷാ രാഹുലിനോട് ആവശ്യപ്പെട്ടു. മാസികകൾക്ക് എന്തും പ്രസിദ്ധീകരിക്കാം. ഇത്തരം പരാമർശങ്ങൾ പാർലമെന്ററി നടപടികളുടെ ഭാഗമാകരുത് എന്നും ഷാ വാദിച്ചു. ഇതോടെ പ്രതിപക്ഷ നിരയിലെ എംപിമാരും ബഹളം വെച്ചു. രാഹുലിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ളവർ രംഗത്തെത്തി.

താൻ പറഞ്ഞത് നൂറ് ശതമാനം ആധികാരികമാണ്. നരവനെയെ പുസ്തകം പ്രസിദ്ധീകരിക്കാൻ സർക്കാർ അനുവദിച്ചില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. സ്പീക്കർ ഓം ബിർള മന്ത്രിമാർ പറഞ്ഞിനോട് യോജിച്ചു. ചട്ടങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ച്, പത്രക്കട്ടിംഗുകൾ, പുസ്തകങ്ങൾ, മറ്റ് അംഗീകാരമില്ലാത്ത കാര്യങ്ങൾ എന്നിവ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ല. തുടർന്ന് അദ്ദേഹം രാഹുൽ ഗാന്ധിയോട് ആ ഭാഗം ഒഴിവാക്കി പ്രസംഗം തുടരാൻ ആവശ്യപ്പെട്ടു.

Content Highlights: Rahul Gandhi cited ex-Army Chief Naravane`s memoir in Lok Sabha, triggering a protest from ministers like Rajnath Singh and Amit Shah