ഭക്തരെ വഞ്ചിച്ചു, പ്രധാനമന്ത്രി മൗനം വെടിയണം; രാമക്ഷേത്ര ഫണ്ട് തട്ടിപ്പിൽ രാഹുലും ഖാർഗെയും

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും. ലക്ഷക്കണക്കിന് ഭക്തർ വലിയ വിശ്വാസത്തോടും ഭക്തിയോടും കൂടി നൽകിയ പണം മോഷ്ടിക്കപ്പെട്ടത് വഞ്ചനയാണെന്നും ഇത്രയും ഗൗരവകരമായ ഒരു കുറ്റകൃത്യം നടന്നിട്ടും പ്രധാനമന്ത്രി പുലർത്തുന്ന മൗനം അംഗീകരിക്കാനാവില്ലെന്നും ഇരുവരും കത്തിൽ വിമർശിച്ചു. വിഷയത്തിൽ ഇതാദ്യമായാണ് രാഹുൽ ഗാന്ധി പ്രതികരണം നടത്തുന്നത്.
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഈ ട്രസ്റ്റിലെ അംഗങ്ങളെ മുഴുവൻ നിയമിച്ചത് കേന്ദ്ര സർക്കാരാണെന്ന് കത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. ട്രസ്റ്റ് അംഗങ്ങൾക്ക് ആർ.എസ്.എസ്., വി.എച്ച്.പി. തുടങ്ങിയ സംഘടനകളുമായും അവയുടെ പോഷക സംഘടനകളുമായും അടുത്ത ബന്ധമുണ്ടെന്നത് പരസ്യമായ കാര്യമാണെന്നും ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി പ്രധാനമന്ത്രിയുടെ അടുത്ത സഹായിയായിരുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അടിയന്തരവും സമഗ്രവുമായ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രധാന ആവശ്യം. ഭക്തർ സമർപ്പിച്ച പണം, സ്വർണ്ണം, വെള്ളി എന്നിവ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കൃത്യമായി പരിശോധിക്കണം. അന്വേഷണ റിപ്പോർട്ടും ട്രസ്റ്റിന്റെ അക്കൗണ്ട് വിവരങ്ങളും പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്നും ഭക്തർ നൽകിയ വഴിപാടുകൾ എന്തിനുവേണ്ടിയാണ് ഉപയോഗിച്ചതെന്ന് അവരെ അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഈ അഴിമതിക്ക് പിന്നിൽ പ്രവർത്തിച്ചവർ എത്ര ഉയർന്ന പദവിയിലുള്ളവരാണെങ്കിലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രാഹുൽ ഗാന്ധിയും ഖാർഗെയും ആവശ്യപ്പെട്ടു. സർക്കാരിന്റെയും ട്രസ്റ്റിന്റെയും വിശ്വാസ്യത പ്രധാനമന്ത്രി എത്രമാത്രം സുതാര്യമായും വേഗത്തിലും നടപടിയെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഇന്ത്യയിലെ ജനങ്ങൾ ഈ വിഷയം അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കത്തിൽ പറയുന്നു.
Content Highlights: Rahul Gandhi and Mallikarjun Kharge demand an independent probe into alleged financial irregularities within the Ayodhya Ram Mandir Trust.