ഇന്ത്യ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി ജനാധിപത്യത്തിനെതിരായ ആക്രമണം; കൊളംബിയയിൽ മോദി സർക്കാരിനെതിരേ രാഹുല്‍

Photo: PTI
Photo: PTI

എന്‍വിഗാഡോ (കൊളംബിയ): ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കൊളംബിയയിലെ ഇഐഎ സര്‍വകലാശാലയിലെ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് കൊള്ളയെക്കുറിച്ച് സൂചിപ്പിച്ച് നരേന്ദ്ര മോദി സര്‍ക്കാരിനെ ലക്ഷ്യംവെച്ചുകൊണ്ടുള്ളതായിരുന്നു രാഹുലിന്റെ വാക്കുകള്‍.

ഇന്ത്യയില്‍ നിരവധി മതങ്ങളും പാരമ്പര്യങ്ങളും ഭാഷകളുമുണ്ട്. ഒരു ജനാധിപത്യ സംവിധാനം ഇത്തരത്തില്‍ എല്ലാവര്‍ക്കും ഇടംനല്‍കുന്നതാകണം. എന്നാല്‍, ഇപ്പോള്‍ ജനാധിപത്യ സംവിധാനം എല്ലാ വശങ്ങളില്‍നിന്നും ആക്രമിക്കപ്പെടുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

'1.4 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യയ്ക്ക് ചൈനയില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംവിധാനമുണ്ട്. എന്നാല്‍, ചൈന വളരെ കേന്ദ്രീകൃതവും ഏകീകൃതവുമാണ്. ഇന്ത്യയാകട്ടെ വികേന്ദ്രീകൃതമാണ്, ഒന്നിലധികം ഭാഷകളും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും മതങ്ങളുമുണ്ട്. ഇന്ത്യയുടേത് കൂടുതല്‍ സങ്കീര്‍ണമായ ഒരു സംവിധാനമാണ്', ആഗോള ഭൂപ്രകൃതിയില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന പ്രസക്തിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി രാഹുല്‍ വ്യക്തമാക്കി.

ലോകത്തിനായി ഇന്ത്യയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതേസമയം, ഇന്ത്യന്‍ ഘടനയ്ക്കുള്ളില്‍ ചില പിഴവുകളുണ്ട്. ഇന്ത്യ മറികടക്കേണ്ട അപകടങ്ങളുണ്ട്. ഏറ്റവും വലിയ അപകടസാധ്യത ജനാധിപത്യത്തിനെതിരെ നടക്കുന്ന ആക്രമണമാണ്. ഇന്ത്യയില്‍ എല്ലാ ആളുകള്‍ക്കും ഇടം ആവശ്യമാണ്. വ്യത്യസ്ത പാരമ്പര്യങ്ങള്‍, മതങ്ങള്‍, ആശയങ്ങള്‍ എന്നിവയ്ക്ക് ഇടം ആവശ്യമാണ്. ആ ഇടം സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ജനാധിപത്യ സംവിധാനമാണ്. നിലവില്‍, ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിനെതിരെ മൊത്തത്തിലുള്ള ആക്രമണം നടക്കുന്നുണ്ട്, രാഹുൽ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള വിള്ളലാണ് മറ്റൊരു അപകടസാധ്യത. വ്യത്യസ്ത ഭാഷകളും വ്യത്യസ്ത മതങ്ങളും ഇവിടെയുണ്ട്. ഈ വ്യത്യസ്ത പാരമ്പര്യങ്ങള്‍ അഭിവൃദ്ധി പ്രാപിക്കാന്‍ അനുവദിക്കുകയും അവയ്ക്ക് സ്വയം പ്രകടിപ്പിക്കാന്‍ ഇടം നല്‍കുകയും ചെയ്യുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ചൈന ചെയ്യുന്നത് പോലെ ആളുകളെ അടിച്ചമര്‍ത്തുകയും ഒരു സ്വേച്ഛാധിപത്യ സംവിധാനമായി മുന്നോട്ടുപോകുകയും ചെയ്യാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

Content Highlights: Rahul Gandhi criticizes Modi government, stating the biggest challenge for India is the attack on its democratic system, emphasizing inclusivity for diverse traditions, religions, and languages.