പ്രതിപക്ഷനേതാവിനെ കാണേണ്ടെന്ന നിർദേശം: ബിജെപിക്ക് പേടിയെന്ന് രാഹുൽ

രാഹുല്‍ഗാന്ധി | ഫയല്‍ചിത്രം | ഫോട്ടോ: പിടിഐ
രാഹുല്‍ഗാന്ധി | ഫയല്‍ചിത്രം | ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന പ്രമുഖരോട് പ്രതിപക്ഷനേതാവിനെ കാണരുതെന്ന് സര്‍ക്കാര്‍ പറയുന്നത് അരക്ഷിതാവസ്ഥകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്‍ ഇന്ത്യയിലെത്തുന്നതിനു മണിക്കൂറുകൾമുൻപ്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് പുതിന്റെ പേരുപറയാതെയുള്ള പ്രതികരണം.

വിദേശികളായ പ്രമുഖര്‍ ലോക്‌സഭയിലെ പ്രതിപക്ഷനേതാവിനെ കാണുന്നത് പാരമ്പര്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രാലയവും ഈ മാനദണ്ഡം പാലിക്കുന്നില്ല. സര്‍ക്കാര്‍ മാത്രമല്ല, തങ്ങളും ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നവരാണെന്ന് രാഹുല്‍ പറഞ്ഞു.

എന്നാൽ, രാഹുലിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് ബിജെപി വക്താവ് അനിൽ ബലൂനി പറഞ്ഞു. വരുന്ന വിദേശനേതാവിന്റെ സംഘത്തെ ആശ്രയിച്ചാണ് ഇത്തരം കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഒന്നരവർഷത്തിനിടെ രാഹുൽ അഞ്ചു വിദേശനേതാക്കളെ കണ്ടിട്ടുണ്ടെന്നും അതിന്റെ ചിത്രങ്ങൾ കള്ളം പറയില്ലെന്നും ബലൂനി ‘എക്സി’ൽ കുറിച്ചു.