വേദിയിൽ നേഹ ബോറ തിളങ്ങുന്നു, എൻ.എസ്.യു.ഐ. മങ്ങുന്നു; 'വി ദ ചോട്ടു' പ്രതിഷേധം രാഹുൽ ഗാന്ധിക്ക് അഗ്നിപരീക്ഷ

ഗ്യാനേഷ് കുമാർ വിരുദ്ധ പ്ലക്കാർഡുകളും ത്രിവർണ പതാകകളുമായി ഇരമ്പിയ ന്യൂഡൽഹി തെരുവുകളിൽ ഇപ്പോൾ അരങ്ങേറുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഒരു സമരം മാത്രമല്ല; സി.ജെ.പി. മുതൽ ഐസവരെ ഭരണകൂടത്തിനെതിരെ നടത്തുന്ന യുവജന പ്രതിഷേധങ്ങളുടെ അമരക്കാരനാകാൻ രാഹുൽ ഗാന്ധിക്ക് കഴിയുമോ എന്ന പരീക്ഷണം കൂടിയാണ്.
''ഇവിടെ സമാന്തര സമരങ്ങളില്ല, നടക്കുന്നത് ഒരൊറ്റ സമരമാണ്'' എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഈ യുവജന ഐക്യത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു. പ്രതിപക്ഷ ഐക്യം എന്നത് വെറും കടലാസ് പുലിയാണെന്ന് ഇന്ത്യാ മുന്നണിയിൽനിന്നുതന്നെ വിമർശനമുയരുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ ഈ ജെൻ-സി ഐക്യ നീക്കം.
എന്നാൽ, ക്യാമറകൾക്ക് മുന്നിൽ ദൃശ്യമായ ഈ ഐക്യത്തിന് മങ്ങലേൽപ്പിക്കുന്നതായിരുന്നു കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐ.യിൽ ഉയർന്ന തുറന്ന കലാപം. രാഹുൽ ഗാന്ധി നയിച്ച സുപ്രീം കോടതി മാർച്ച് കഴിഞ്ഞ് മണിക്കൂറുകൾക്കകം എൻ.എസ്.യു.ഐ.യുടെ വാട്സാപ്പ് ഗ്രൂപ്പിൽ അസാധാരണമായ ചിലത് സംഭവിച്ചു. എ.ഐ.സി.സി. യൂത്ത് കോർഡിനേറ്റർ കനയ്യ കുമാറും എൻ.എസ്.യു.ഐ. ദേശീയ പ്രസിഡന്റ് വിനോദ് ജാഖറും അംഗങ്ങളായ ഔദ്യോഗിക ഗ്രൂപ്പിന്റെ പേര് ഭാരവാഹികൾ മാറ്റി 'വി ദ ചോട്ടു' എന്നാക്കി. ചോരയും നീരും ഒഴുക്കി അടിത്തട്ടിൽ പണിയെടുക്കുന്ന തങ്ങളെ തഴഞ്ഞ്, പുറത്തുനിന്നുള്ള സംഘടനകൾക്ക് കോൺഗ്രസ് പരവതാനി വിരിക്കുന്നു എന്നതായിരുന്നു അവരുടെ ആവലാതി. മാർച്ചിൽ രാഹുൽ ഗാന്ധിയുടെ തോളിൽ കൈവെച്ച് മുൻനിരയിൽ നടന്ന രണ്ട് വനിതകളിൽ ഒരാൾ പ്രിയങ്ക ഗാന്ധിയും മറ്റൊരാൾ നേഹ ബോറയുമായിരുന്നു. തുടർന്ന് മുതിർന്ന നേതാക്കൾ സഞ്ചരിച്ച ബസിലും രാഹുൽ സംസാരിച്ച പ്രധാന പ്രചാരണ വാഹനത്തിലും നേഹയ്ക്ക് സ്ഥാനം ലഭിച്ചു. എൻ.എസ്.യു.ഐ. ദേശീയ പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിലുണ്ടായിരുന്നെങ്കിലും മാധ്യമശ്രദ്ധ മുഴുവൻ നേഹ ബോറയിലേക്കായിരുന്നു.
ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി സി.പി.ഐ. (എം.എൽ.) ലിബറേഷനും കോൺഗ്രസും ഒത്തുപോകുന്നുണ്ടെങ്കിലും, വിവിധ സർവകലാശാലകളിൽ എൻ.എസ്.യു.ഐ.യും ഐസയും തമ്മിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നത് എന്ന പശ്ചാത്തലത്തിൽ വേണം ഈ നീക്കങ്ങളെ കാണാൻ.
രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന സൽക്കാരത്തിലും അതിനുശേഷമുള്ള സംയുക്ത വാർത്താസമ്മേളനത്തിലും നേഹ ബോറ രാഹുലിനൊപ്പം വേദി പങ്കിട്ടതോടെ അമർഷം തുറന്ന കലാപമായി മാറി. ഒടുവിൽ പരാതികൾ ഹൈക്കമാൻഡിനു മുന്നിലെത്തി. മൂന്ന് ദിവസത്തോളം 'വി ദ ചോട്ടു' എന്ന പേരിൽ പ്രതിഷേധം തുടർന്ന ഗ്രൂപ്പിലെ ഭാരവാഹികളെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് നേരിട്ട് ഇടപെട്ട് പ്രത്യേക കൂടിക്കാഴ്ച നടത്തേണ്ടിവന്നു.
അഭിജീത് ദിപ്കെ 'കോക്ക്റോച്ച് ജനതാ പാർട്ടി' എന്ന പേരിൽ ഒരു ആക്ഷേപഹാസ്യ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത് ഈ വർഷം മേയ് 16-നാണ്. തൊഴിലില്ലായ്മയും ചോദ്യപേപ്പർ ചോർച്ചയും സർക്കാരിന്റെ നിസ്സംഗതയും തുറന്നുകാട്ടിയ ഈ കൂട്ടായ്മ കഴിഞ്ഞ അഞ്ചു മാസംകൊണ്ട് നേടിയെടുത്തത്, പതിറ്റാണ്ടുകളായി ഇവിടെ പ്രവർത്തിക്കുന്ന വിദ്യാർഥി സംഘടനകൾക്ക് പോലും നേടാനാകാത്ത ജനകീയ-രാഷ്ട്രീയ പിന്തുണയാണ്.
നീറ്റ് ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പി. സമരം തുടങ്ങിയപ്പോൾ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനൊപ്പം നിരാഹാരമിരിക്കാൻ നേഹ ബോറയുടെ നേതൃത്വത്തിലുള്ള ഐസയും മറ്റ് ഇടതുപക്ഷ വിദ്യാർഥി സംഘടനകളും ഒപ്പമുണ്ടായിരുന്നു. സമരം ആളിക്കത്തിയതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാൻ നിർബന്ധിതനായി. രാജ്യത്തെ വിറപ്പിച്ച ഈ തെരുവ് പോരാട്ടത്തിൽ കോൺഗ്രസ് കാര്യമായ അകലം പാലിക്കുകയാണുണ്ടായത്.
എന്നാൽ, ജൂലായ് 25-ന് വിദ്യാർത്ഥികൾക്കെതിരായ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നേഹ ബോറയും പങ്കെടുത്തു. കോൺഗ്രസ് നേതൃത്വവും വിദ്യാർഥി പ്രക്ഷോഭകരും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക പാലമായിരുന്നു അത്.
എന്നാൽ, ധർമേന്ദ്ര പ്രധാനെതിരായ സമരത്തിൽനിന്ന് ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യത്തിലേക്ക് വിദ്യാർഥി സമരം വഴിമാറിയപ്പോൾ, അതുവരെ സി.ജെ.പിയെ തൊട്ടുകൂടാത്തവരായി കണ്ടിരുന്ന കോൺഗ്രസ്, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വഴി തിരക്കിട്ട മധ്യസ്ഥ നീക്കങ്ങൾ നടത്തി. ഒക്ടോബർ 13 ചൊവ്വാഴ്ച വൈകുന്നേരം രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന ഇന്ത്യാ മുന്നണി നേതാക്കളുടെയും പൊതുപ്രവർത്തകരുടെയും യോഗത്തിലേക്ക് അഭിജീത് ദിപ്കെയ്ക്ക് ക്ഷണമെത്തി. എന്നാൽ, മഹാരാഷ്ട്രയിലായിരുന്ന ദിപ്കെ ആ ക്ഷണത്തോട് വലിയ താൽപ്പര്യം കാട്ടിയില്ല. 'ഞങ്ങളുടെ പ്രധാന നേതാക്കൾ ജയിലിൽ കഴിയുമ്പോൾ ഞങ്ങൾ എങ്ങനെ കോൺഗ്രസിന്റെ വിരുന്നിൽ പങ്കെടുക്കും?' എന്നായിരുന്നു അവരുടെ നിലപാട്. മാത്രമല്ല, തങ്ങളുടെ നേതാക്കൾ അറസ്റ്റിലായപ്പോൾ സി.ജെ.പി. ആദ്യം ബന്ധപ്പെട്ടത് തൃണമൂൽ കോൺഗ്രസ് നേതൃത്വത്തെയായിരുന്നു.
ടി.എം.സി.യും ആപ്പും ഇടത് പാർട്ടികളും വേഗത്തിൽ നിയമസഹായവും പിന്തുണയും നൽകിയപ്പോൾ, കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമായി തിരിക്കാമെന്ന കണക്കുകൂട്ടലോടെ മാത്രമാണ് കോൺഗ്രസ് എത്തിയത് എന്നായിരുന്നു സി.ജെ.പി.യുടെ വിമർശനം. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് അരങ്ങേറിയ അണ്ണാ ഹസാരെ സമരത്തിന്റെ ഗുണഭോക്താക്കൾ ആം ആദ്മി പാർട്ടിയും ബി.ജെ.പി.യുമായിരുന്നു എന്ന യാഥാർത്ഥ്യം കോൺഗ്രസ് ഇനിയും മറന്നിട്ടില്ല. പുറത്തുനിന്നുള്ള ജനകീയ മുന്നേറ്റങ്ങളെ സംശയദൃഷ്ടിയോടെയല്ലാതെ കാണാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന വിമർശനവും ഇതോടെ ശക്തമായി.
എന്നാൽ, ഒക്ടോബർ 14-ന് സി.ജെ.പി. നേതാക്കളുടെ അറസ്റ്റിനെ രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്ഫോമിലൂടെ പരസ്യമായി അപലപിച്ചു. ഇതിന് ദീപ്കെ നന്ദി അറിയിച്ചത് കോൺഗ്രസും സി.ജെ.പി.യും തമ്മിലുള്ള മഞ്ഞുരുകലായി വ്യാഖ്യാനിക്കപ്പെട്ടു.
എന്നാൽ, പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും കോൺഗ്രസിനെ സങ്കീർണമായൊരു അവസ്ഥയിലേക്കാണ് രാഹുൽ ഗാന്ധിയുടെ ഈ ഐക്യശ്രമങ്ങൾ കൊണ്ടെത്തിക്കുക. ഐസയും സി.ജെ.പി.യും തെരുവിൽ വളർന്നുവന്ന പ്രസ്ഥാനങ്ങളാണ്; കോൺഗ്രസിനെപ്പോലെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായവരല്ല. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബി.ജെ.പി.യുടെ തേരോട്ടത്തിൽ തകർന്നടിഞ്ഞ കോൺഗ്രസിന്, തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ സമരം ഒരു തിരിച്ചുവരവിനുള്ള പ്രതീക്ഷ നൽകുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് നേഹ ബോറയെ മുൻനിർത്തി രാഹുൽ ഗാന്ധി പണിയാൻ ശ്രമിക്കുന്ന 'സൂപ്പർ പ്ലാറ്റ്ഫോം' എൻ.എസ്.യു.ഐ.യിൽ കടുത്ത അസംതൃപ്തി പടർത്തുന്നത്.
ലെഡ് സെപ്പലിന്റെ സംഗീതത്തിന്റെ അകമ്പടിയോടെ ബാരിക്കേഡുകളിൽ കയറിനിൽക്കുന്ന രാഹുലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമുണ്ടാക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാൽ കേവലമായ 'ഇവന്റ് മാനേജ്മെന്റി'നപ്പുറം ഇതിനെയൊരു നിരന്തര ബഹുജന പ്രക്ഷോഭമാക്കി മാറ്റാൻ സംഘടനാപരമായ കെട്ടുറപ്പ് അത്യന്താപേക്ഷിതമാണ്, അതിന് രാഹുൽ ഗാന്ധിക്ക് നേഹ ബോറയുടെ പിന്തുണമാത്രം മതിയാകില്ല.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയായാലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയായാലും, രാഹുൽ ഗാന്ധി ഏറ്റെടുത്ത പ്രക്ഷോഭങ്ങൾക്ക് ഡൽഹിയുടെ തെരുവുകളിൽ പതിനായിരങ്ങളെ അണിനിരത്താൻ സാധിച്ചു എന്നത് വാസ്തവമാണ്. ഒക്ടോബർ 10-ന് കടുത്ത പോലീസ് നിയന്ത്രണങ്ങൾ കാരണം സി.ജെ.പി.ക്ക് സാധിക്കാതെ പോയ ജനസമാഹരണം തങ്ങൾക്ക് സാധ്യമാണെന്ന് സുപ്രീം കോടതി മാർച്ചിലൂടെ കോൺഗ്രസ് തെളിയിച്ചു. എന്നാൽ, പ്രക്ഷോഭങ്ങളുടെ ധാർമികമായ നേതൃത്വവും ജനകീയ മുഖവും രാഹുൽ ഗാന്ധി മാത്രമല്ല, അത് പൊതുസമൂഹവും സി.ജെ.പി.യും ഐസയും എസ്.എഫ്.ഐ.യും ഇടത് പാർട്ടികളും ചേർന്ന് പൊരുതിനേടിയതാണ്.
തെരുവിലെ സമരജ്വാലയെ പാർലമെന്ററി അധികാരത്തിനുള്ള ഊർജമാക്കി മാറ്റുക എന്നത് ഏതൊരു പ്രതിപക്ഷ പാർട്ടിയുടെയും സ്വാഭാവിക ലക്ഷ്യമാണ്. അതിനായി നേഹ ബോറയെയും അഭിജീത് ദിപ്കെയെയും ഒപ്പംകൂട്ടാൻ രാഹുൽ നടത്തുന്ന ശ്രമങ്ങൾ തന്ത്രപരവുമാണ്. എന്നാൽ, എൻ.എസ്.യു.ഐ.യുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉയർന്ന 'വി ദ ചോട്ടു' പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തിനുള്ള ശക്തമായ അപായസൂചനയാണ്. സ്വന്തം അണികളെയും സഖ്യകക്ഷികളെയും വിശ്വാസത്തിലെടുക്കാതെ നടത്തുന്ന ഏകോപന ശ്രമങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിയാം. ജനകീയ പ്രക്ഷോഭങ്ങളെ കോൺഗ്രസ് വിഴുങ്ങുകയാണെന്ന പ്രതീതി ഇതര സംഘടനകളിൽ വളർന്നാൽ, തെരുവിൽ രാഹുൽ ഗാന്ധി വീണ്ടും ഒറ്റപ്പെടും. ഈ കടമ്പ കടക്കുകയെന്നതാവും വരുംദിവസങ്ങളിൽ രാഹുൽ ഗാന്ധി നേരിടുന്ന ഏറ്റവും വലിയ അഗ്നിപരീക്ഷ.
Content Highlights: Rahul Gandhi is attempting to lead youth and Gen-Z protests in New Delhi against the Election Commission., Internal dissent erupted in NSUI with the 'We the Chotu' WhatsApp group protest over sidelining grassroots workers., Strategic alliances and joint platforms with independent youth movements like CJP and left-wing bodies like AISA., Congress faces challenges in balancing parliamentary ambition with grassroots mass movements without alienating allies.