രാഹുൽ ഗാന്ധി എവിടെ? മിണ്ടാതെ കോൺഗ്രസ്‌, വിദേശത്തെന്ന് ബിജെപി, 'ഹോളിഡേ മൂഡ് ഓൺ' എന്ന് പരിഹാസം

#ന്യൂസ് ഡെസ്‌ക്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചതിന് ശേഷം ലോക്‌സഭാ പ്രതിപക്ഷ നേതാവ് അവധി എടുത്ത് വിദേശത്ത് പോയതായി ആരോപിച്ച് ബിജെപി. രാഹുൽ ഗാന്ധി തനിക്ക് ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്ന കാര്യം ചെയ്യാനായി വീണ്ടും വിദേശത്തേക്ക് പോയിരിക്കുകയാണെന്നും, ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം ആഘോഷങ്ങൾക്കായി ചെലവഴിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം വെറുതെ വിശ്രമിച്ചും ആഘോഷിച്ചും ചെലവഴിക്കുന്ന ഒരാൾ- എന്നിട്ട് അദ്ദേഹം വിളിച്ചുപറയുന്നു: 'വോട്ട് ചോരി!- ഭണ്ഡാരി കുറ്റപ്പെടുത്തി.

എസ്.ഐ.ആർ, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി തുടങ്ങിയ വിഷയങ്ങളിൽ പ്രഖ്യാപിച്ച വലിയ പ്രക്ഷോഭങ്ങൾക്ക് നവരാത്രി ദിനങ്ങളിൽ കോൺഗ്രസ് അവധി പ്രഖ്യാപിച്ചിരുന്നു. ആഘോഷ വേളയായതിനാൽ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും സ്വന്തം മണ്ഡലങ്ങളിലേക്കും വീടുകളിലേക്കും മടങ്ങേണ്ടതുണ്ടെന്നതിനാലാണ് പ്രതിഷേധ പരിപാടികൾക്ക് താൽക്കാലികമായി ഇടവേള നൽകിയതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഈ സമയത്ത് രാഹുൽ ഗാന്ധി വിദേശയാത്ര പോയതാണ് ഇപ്പോൾ ബിജെപി ആയുധമാക്കുന്നത്.

നവരാത്രി, വിജയദശമി തുടങ്ങിയ വിശേഷാവസരങ്ങളിൽ രാജ്യത്ത് ഉണ്ടാകുന്നതിന് പകരം രാഹുൽ ഗാന്ധി വിദേശത്താണെന്നും, ഇത് ഇന്ത്യൻ സംസ്‌കാരത്തോടും ആഘോഷങ്ങളോടുമുള്ള അദ്ദേഹത്തിന്റെ ഗൗരവമില്ലായ്മയെയാണ് കാണിക്കുന്നതെന്നും ബി.ജെ.പി നേതാവ് ആർ.പി. സിംഗ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി വിദേശത്ത് പോയി എന്താണ് ചെയ്യുന്നതെന്നും ആരെയാണ് കാണുന്നതെന്നും ബി.ജെ.പി ചോദിക്കുന്നു

ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള പ്രതിഷേധങ്ങൾക്കും ഗോവ സന്ദർശനത്തിനും തൊട്ടുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഈ യാത്ര. എന്നാൽ രാഹുൽ ഗാന്ധിയുടെ സ്വകാര്യ യാത്രയെക്കുറിച്ച് കോൺഗ്രസ് പാർട്ടി ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മുൻപും പ്രതിഷേധ പരിപാടികൾ നടക്കുന്നതിനിടയിൽ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയിട്ടുണ്ടെന്നും, സമരങ്ങൾ പകുതിവഴിയിൽ ഉപേക്ഷിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയില്ലായ്മയാണ് പ്രകടമാകുന്നതെന്നും ബി.ജെ.പി ആരോപിച്ചു. നിലവിലെ എൻഡിഎ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി വിദേശത്തുള്ളവരെ കാണുന്നതിനായാണ് രാഹുൽ ഗാന്ധി പോയിരിക്കുന്നതെന്നാണ് ബിജെപി ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത്.

Content Highlights: BJP criticizes Rahul Gandhi for traveling abroad during Navratri, questioning his commitment to Indian culture and political responsibilities.