ഞാൻ ഭരണഘടനയോട് സത്യംചെയ്തിട്ടുണ്ട്, ചോദ്യമുയർന്നപ്പോൾ അവർ വെബ്സൈറ്റ് പൂട്ടി- തിര. കമ്മീഷനെതിരേ രാഹുൽ

ന്യൂഡല്‍ഹി: വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യത്തില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താൻ നേരത്തേതന്നെ പാര്‍ലമെന്റില്‍ ഭരണഘടന വെച്ച് സത്യംചെയ്തതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടിയതായും രാഹുല്‍ ഗാന്ധി ആരോപിച്ചു.
'തിരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. ഞാന്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് അതില്‍ പറയുന്നത്. ഞാന്‍ പാര്‍ലമെന്റില്‍ ഭരണഘടനയോട് സത്യംചെയ്തുകഴിഞ്ഞതാണ്. രാജ്യത്തെ ജനങ്ങള്‍ ഞങ്ങളിറക്കിയ ഡേറ്റയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ വെബ്‌സൈറ്റ് അടച്ചുപൂട്ടി. പൊതുജനങ്ങള്‍ ചോദ്യംചെയ്യാന്‍ തുടങ്ങിയാല്‍, അവരുടെ മുഴുവന്‍ ഘടനയും താറുമാറാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനറിയാം', രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ തന്റെ വിശകലനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പ്രകാരമുള്ള സത്യാവാങ്മൂലത്തില്‍ ഒപ്പുവെയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. വോട്ടര്‍പ്പട്ടികയില്‍ തെറ്റായി ചേര്‍ത്തതോ നീക്കം ചെയ്തതോ ആയ പേരുകള്‍ സമര്‍പ്പിക്കുന്നതിനും അദ്ദേഹത്തിന് ഒരു പ്രശ്‌നവും ഉണ്ടാകരുതെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. രാഹുല്‍ സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചില്ലെങ്കില്‍, അതിനര്‍ത്ഥം അദ്ദേഹം തന്റെ വിശകലനത്തിലും അതിന്റെ ഫലമായുണ്ടാകുന്ന നിഗമനങ്ങളിലും 'അസംബന്ധമായ ആരോപണങ്ങളിലും' വിശ്വസിക്കുന്നില്ല എന്നാണ്. അങ്ങനെയെങ്കില്‍, അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണമെന്നും കമ്മിഷന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍ ക്രമക്കേട് നടന്നതായി രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്തി വിശദീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനെ കൂട്ടുപിടിച്ച് ബിജെപി ഗൂഢാലോചന നടത്തിയെന്ന് തെളിവുകള്‍ നിരത്ത രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ നീതിന്യായവ്യവസ്ഥ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഹുലിന്റെ ആരോപണങ്ങള്‍ തള്ളിയിരുന്നു. തെളിവ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാണ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയക്കുകയും ചെയ്തു.
Content Highlights: Rahul Gandhi Challenges Election Commission on Voter Fraud Allegations