‘പ്രധാൻ രാജിവെക്കണം, മറ്റൊരു വകുപ്പ് നൽകാനുള്ള നീക്കം അംഗീകരിക്കില്ല’; മോദി മാപ്പ് പറയണമെന്നും രാഹുൽ

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ടി മൂന്ന് പ്രധാനപ്പെട്ട ആവശ്യങ്ങൾ മുന്നോട്ടുവെച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാഭ്യാസമന്ത്രി രാജിവെക്കുകതന്നെ വേണമെന്നും രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവി തകർത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം എന്നതാണ് മുന്നോട്ടുവെക്കുന്ന ഒന്നാമത്തെ ആവശ്യമെന്ന് രാഹുൽ പറഞ്ഞു. അഴിമതിക്കാരനും മന്ത്രിസ്ഥാനത്തിരിക്കാൻ യോഗ്യതയില്ലാത്ത ആളുമായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണം. അദ്ദേഹത്തെ മറ്റൊരു മന്ത്രാലയത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്ന വിവരം ലഭിക്കുന്നുണ്ടെന്നു അത് അംഗീകരിക്കാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ധർമേന്ദ്ര പ്രധാൻ അഴിമതിയുടെയും ഇന്ത്യൻ കുട്ടികളുടെ ഭാവി തകർത്തതിന്റെയും പ്രതീകമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
വിദ്യാർത്ഥികൾക്കെതിരെ ലാത്തിചാർജും മറ്റ് അതിക്രമങ്ങളും നടത്തിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം എന്നതാണ് രണ്ടാമത്തെ ആവശ്യം. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുന്ന സാഹചര്യം ഉണ്ടായെന്നും ഇതിനുപിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ വിദ്യാർത്ഥികളോടും അവരുടെ ഭാവിയോടും ചെയ്ത തെറ്റായ നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പുപറയണം എന്നതാണ് മൂന്നാമത്തെ ആവശ്യം. ഈ മൂന്ന് കാര്യങ്ങളും രാജ്യത്തെ വിദ്യാർത്ഥികളുടെ ആവശ്യമാണെന്നും ഇതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ലക്ഷ്യം പൂർത്തിയാക്കുംവരെ പ്രതിപക്ഷം അവരുടെ കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് വിദ്യാർത്ഥികൾ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമരംചെയ്ത യുവാക്കൾക്കെതിരെയുണ്ടായ അതിക്രമങ്ങളിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും പരിക്കേറ്റവർക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ യാതൊരുവിധ ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് വ്യക്തമാക്കിയ രാഹുൽ ഇന്ത്യയിലെ യുവജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി പ്രതിപക്ഷം അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും പറഞ്ഞു.
Content Highlights: Rahul Gandhi demands the resignation of Education Minister Dharmendra Pradhan. Call for PM Narendra Modi to publicly apologize for the impact on students' futures. Demand for strict action against officials responsible for violence against protesting students. Opposition pledges full support to students until their demands are met.