മോദിക്ക് ഭരണവിരുദ്ധ വികാരം ബാധകമല്ല; സദ്ദാം ഹുസൈനോടും കിം ജോങ് ഉന്നിനോടും ഉപമിച്ച് രാഹുൽ ഗാന്ധി

#ന്യൂസ് ഡെസ്ക്
രാഹുൽ ​ഗാന്ധി | Photo: AFP
രാഹുൽ ​ഗാന്ധി | Photo: AFP

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സദ്ദാം ഹുസൈനോടും കിം ജോങ് ഉന്നിനോടും ഉപമിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണവിരുദ്ധ വികാരം നിലനിൽക്കുമ്പോഴും പ്രധാനമന്ത്രി മോദിക്കുണ്ടായിരുന്ന ആത്മവിശ്വാസം, അദ്ദേഹത്തിന് ഭരണവിരുദ്ധ വികാരം ബാധകമല്ലെന്ന് കാണിക്കുന്നതായിരുന്നുവെന്നും സദ്ദാം ഹുസൈന്റെ ഇറാഖിലും കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയിലും ഭരണവിരുദ്ധ വികാരം ഉണ്ടാകാറില്ലെന്നും മോദിയെ പരിഹസിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നതകൾ സംബന്ധിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി "അബ് കി ബാർ, 400 പാർ" എന്ന് മുദ്രാവാക്യം വിളിക്കുന്ന പഴയ വീഡിയോയും രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്നാണ് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ തിരഞ്ഞെടുത്തത്. ഇന്ത്യൻ വോട്ടിങ് സമ്പ്രദായത്തിലുണ്ടായ കുഴപ്പങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഗ്യാനേഷ് കുമാറാണ് ഉത്തരവാദിയെന്ന് മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണർമാർ വ്യക്തമാക്കി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന് രാജ്യത്തിന്റെ ജനാധിപത്യ നിർമ്മിതിയെ ആക്രമിച്ചു തകർത്തുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.