'മഹാരാഷ്ട്രയിലെ ആകെവോട്ടർമാർ 9.5 കോടി, വോട്ടുചെയ്തത് 9.7 കോടി'; ഇതെങ്ങനെ സംഭവിക്കുമെന്ന് രാഹുൽഗാന്ധി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ വീണ്ടും ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം ആകെ വോട്ടര്‍മാരുടെ എണ്ണത്തെക്കാള്‍ കൂടുതലാണെന്നാണ് രാഹുല്‍ഗാന്ധിയുടെ ആരോപണം. ഡല്‍ഹിയില്‍ ശിവസേന എം.പി. സഞ്ജയ് റാവുത്ത്, എന്‍.സി.പി. എം.പി. സുപ്രിയ സുലേ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം ഉന്നയിച്ചത്.
''സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് മഹാരാഷ്ട്രയില്‍ വോട്ടവകാശമുള്ളവരുടെ എണ്ണം 9.54 കോടിയാണ്. എന്നാല്‍, നിയമസഭ തിരഞ്ഞെടുപ്പില്‍ 9.7 കോടി പേര്‍ വോട്ട് രേഖപ്പെടുത്തി. ഇത് എങ്ങനെ സാധ്യമാകും'', രാഹുല്‍ഗാന്ധി ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ തങ്ങള്‍ എന്തെങ്കിലും ആരോപണം ഉന്നയിക്കുന്നില്ലെന്നും എന്നാല്‍ അന്തിമ വോട്ടര്‍പട്ടികയാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.
2019-ലെ നിയമസഭ തിരഞ്ഞെടുപ്പിനും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും ഇടയില്‍ 32 ലക്ഷം വോട്ടര്‍മാരെയാണ് വോട്ടര്‍പട്ടികയില്‍ പുതുതായി ചേര്‍ത്തത്. എന്നാല്‍, 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനും അതേവര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിനും ഇടയില്‍ 39 ലക്ഷം പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു. വെറും അഞ്ചുമാസത്തിനിടെയാണ് ഇത്രയുംപേരെ ചേര്‍ത്തത്. പ്രതിപക്ഷനേതാവെന്നനിലയില്‍ ഇക്കാര്യം താന്‍ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അതേസമയം, രാഹുല്‍ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് രേഖാമൂലം വിശദീകരണം നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രതിനിധിസംഘം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നേരിട്ടെത്തി പരാതി ഉന്നയിക്കുകയുംചെയ്തിരുന്നു. വോട്ടര്‍പട്ടികയില്‍ പുതുതായി ചേര്‍ത്ത 39 ലക്ഷം പേരുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും കോണ്‍ഗ്രസ് സംഘം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, കഴിഞ്ഞ ഡിസംബര്‍ അവസാനം ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി. ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ നിയമസഭ തിരഞ്ഞെടുപ്പ് വരെയുള്ള കാലയളവില്‍ ആകെ 40,81,229 വോട്ടര്‍മാരെയാണ് ചേര്‍ത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതിപ്രകാരം ജനുവരി 1, ഏപ്രില്‍ 1, ജൂലായ് 1, ഒക്ടോബര്‍ 1 എന്നീ തീയതികളില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്നവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാം. അതിനാല്‍ പുതിയ വോട്ടര്‍പട്ടികയില്‍ 18-നും 19-നും ഇടയില്‍ പ്രായമുള്ള 8,72,094 പേരും 20-നും 29-നും ഇടയില്‍ പ്രായമുള്ള 17,74,514 പേരും ഉണ്ട്. ഇക്കാലയളവില്‍ ചേര്‍ത്ത വോട്ടര്‍മാരില്‍ 26,46,608 പേര്‍ 18-നും 29-നും ഇടയില്‍ പ്രായമുള്ളവരാണ്. അതിനാല്‍ മഹാരാഷ്ട്ര പോലെയുള്ള വലിയ സംസ്ഥാനത്ത് ഈ കണക്കുകളില്‍ അസ്വാഭാവിതകയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു.
Content Highlights: rahul gandhi allegation against maharashtra assembly election voters list