സിക്കിം ഗവർണർ നിയമനത്തിൽ പ്രതിഷേധിച്ച് അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ; കാണാനെത്തി രാഹുലും പ്രിയങ്കയും

#ന്യൂസ് ഡെസ്ക്
രാഹുലും പ്രിയങ്കയും പ്രതിഷേധത്തിലേര്‍പ്പെട്ട അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചപ്പോള്‍
രാഹുലും പ്രിയങ്കയും പ്രതിഷേധത്തിലേര്‍പ്പെട്ട അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചപ്പോള്‍

ന്യൂഡൽഹി: ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാഗേറ്റിൽ പ്രതിഷേധിക്കുന്ന അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ കാണാനെത്തി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിൽ ആരോപണവിധേയനാണ് ദുഷ്യന്ത് കുമാർ ഗൗതം.

ഉത്തരാഖണ്ഡിലെ ഒരു റിസോർട്ടിൽ 2022-ലാണ് അങ്കിത കൊല്ലപ്പെടുന്നത്. ഋഷികേശിലെ ഒരു റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്നു അങ്കിത. 2022 സെപ്റ്റംബർ 18-ന് കൊല്ലപ്പെട്ട അങ്കിതയുടെ മൃതദേഹം നാലുദിവസത്തിനുശേഷം ഒരു കനാലിൽനിന്നാണ് കണ്ടെടുത്തത്. ഈ കേസിൽ മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയായ പുൽകിത് ആര്യയും മറ്റു രണ്ടുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഒരു വിഐപി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആരോപണം. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡിന്റെ ചുമതലയുണ്ടായിരുന്ന നേതാവുമായ ദുഷ്യന്ത് കുമാർ ഗൗതമിന്റെ പേരായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്.

കേസിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാകുന്നതുവരെ ദുഷ്യന്ത് ഗൗതമിനെ ഗവർണറായി നിയമിക്കരുതെന്നാണ് അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന്റെ ആവശ്യം. രാഷ്ട്രപതിയും കേന്ദ്ര സർക്കാരും അദ്ദേഹത്തിന്റെ നിയമനം തടയണമെന്നാവശ്യപ്പെട്ടാണ് മാതാപിതാക്കൾ ഇന്ത്യാഗേറ്റിൽ പ്രതിഷേധം നടത്തിവരുന്നത്.

തങ്ങളുടെ ആശങ്കകൾ അറിയിക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ സമയം തേടിയിട്ടുണ്ടെന്നും മാതാപിതാക്കൾ വ്യക്തമാക്കി. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഡെഹ്‌റാഡൂണിലെ സെക്രട്ടേറിയറ്റിലുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് രാഹുലും പ്രിയങ്കയും എത്തിയത്.

തിങ്കളാഴ്ചയാണ് ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചത്. ഗൗതമിനെ സംരക്ഷിക്കാനാണ് ഈ നിയമനമെന്ന് കോൺഗ്രസ് ആരോപിച്ചു. ഗവർണർ പദവിയിലിരിക്കെ ഒരാൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനാകില്ലെന്നതാണ് ഇതിന് കാരണമായി കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.

Content Highlights: Rahul and Priyanka Gandhi met Ankita Bhandari's parents at India Gate., Parents are protesting against the appointment of Dushyant Kumar Gautam as Sikkim Governor., Allegations link Gautam to the 2022 Ankita Bhandari murder case., Congress claims the appointment shields Gautam from criminal proceedings.