അന്ന് ഛദ്ദ കൊണ്ടുവന്നത് കൂറുമാറ്റം സംബന്ധിച്ച ബിൽ, അത് നിയമമായിരുന്നെങ്കിൽ ഈ കൂറുമാറ്റം അസാധ്യം

#ന്യൂസ് ഡെസ്ക്
രാഘവ് ഛദ്ദ | Photo: PTI
രാഘവ് ഛദ്ദ | Photo: PTI

ന്യൂഡൽഹി: പാർട്ടിയുടെ യുവമുഖമായ രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് എംപിമാർ ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിലാണ് ആം ആദ്മി പാർട്ടി. എംപിമാരുടെ ബിജെപിയിലേക്കുള്ള കൂട്ടപ്പലായനത്തോടെ രാജ്യസഭയിലെ എഎപി എംപിമാരുടെ എണ്ണം പത്തിൽനിന്ന് മൂന്നായി ചുരുങ്ങുകയും ചെയ്തിട്ടുണ്ട്. ഛദ്ദയുടെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇപ്പോൾ ചർച്ചയിൽ മുന്നിട്ടുനിൽക്കുന്നത് അദ്ദേഹംതന്നെ നാലുകൊല്ലം മുൻപ് കൊണ്ടുവന്ന ഒരു ബില്ലാണ്. ആ ബില്ല് നിയമമായി മാറിയിരുന്നെങ്കിൽ ഇന്ന് ഛദ്ദയ്ക്കും സംഘത്തിനും എഎപിയിൽനിന്നുള്ള കൂടുമാറ്റം സാധ്യമാകുമായിരുന്നില്ല എന്നതാണ് ഈ ചർച്ചകൾക്ക് ആധാരം.

ഭരണഘടനയിലെ പത്താം ഷെഡ്യൂളിലാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം ജനപ്രതിനിധിയെ അയോഗ്യരാക്കുന്നതിനെക്കുറിച്ച് പരാമർശിക്കുന്നത്. ഇതിൻപ്രകാരം, പാർട്ടി നൽകുന്ന നിർദേശം പാലിക്കാതെ അംഗങ്ങൾ വോട്ട് രേഖപ്പെടുത്തുകയോ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയോ ചെയ്താൽ അയോഗ്യരാകും. മാത്രമല്ല, പാർട്ടി അംഗത്വം സ്വമേധയാ വേണ്ടെന്നുവെക്കുന്നതും അയോഗ്യതയ്ക്ക് കാരണമാകും. പാർലമെന്റിന്റെ ഇരുസഭകളിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങൾക്ക് ഇത് ബാധകമാണ്.

അതേസമയം, 'യഥാർഥ പാർട്ടി' മറ്റൊരു പാർട്ടിക്കൊപ്പം ചേർന്നാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. പാർട്ടിയുടെ അംഗങ്ങളിൽ മൂന്നിൽ രണ്ടുപേരും ഈ ലയനത്തെ അംഗീകരിക്കുന്നപക്ഷം മാത്രമേ അയോഗ്യത ബാധകമാകാതെ വരികയുള്ളൂവെന്നും കൂറുമാറ്റ നിരോധന നിയമത്തിൽ പറയുന്നുണ്ട്.

രാഘവ് ഛദ്ദ കൊണ്ടുവന്ന അയോഗ്യതാ ബിൽ

എഎപിയുടെ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് കഷ്ടിച്ച് മൂന്നുമാസമായപ്പോഴായിരുന്നു കൂറുമാറ്റ നിരോധന നിയമം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാഘവ് ഛദ്ദ സ്വകാര്യ ബിൽ കൊണ്ടുവന്നത്. 2022 ഓഗസ്റ്റ് അഞ്ചാം തീയതിയായിരുന്നു ഇത്. 

ജനപ്രതിനിധികൾക്ക് ഒരു പാർട്ടിയിൽനിന്ന് മറ്റൊരു പാർട്ടിയിലേക്ക് മാറണമെങ്കിൽ അംഗബലത്തിന്റെ മൂന്നിൽ രണ്ടുപേരുടെ ഭൂരിപക്ഷം വേണമെന്നത് നാലിൽ മൂന്ന് ഭൂരിപക്ഷമാക്കി ഉയർത്തണം എന്നായിരുന്നു ഛദ്ദ അവതരിപ്പിച്ച ബില്ല് ആവശ്യപ്പെട്ടത്. മാത്രമല്ല, തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം പാർട്ടി മാറുന്നവരെ ആറുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കണമെന്ന വ്യവസ്ഥയും ബില്ലിലുണ്ടായിരുന്നു. ‘റിസോർട്ട് രാഷ്ട്രീയം’ തടയാനിത് അനിവാര്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ബില്ല് നിയമമായിരുന്നെങ്കിൽ ഛദ്ദയ്ക്ക് എഎപിയെ പിളർത്തി ആറ് എംപിമാരുമായി ബിജെപിയിൽ ചേരാൻ കഴിയുമായിരുന്നില്ല. കാരണം, ആ നിയമമായിരുന്നു നിലവിലുള്ളതെങ്കിൽ ആറ് എംപിമാരുടെയല്ല ഏഴ് എംപിമാരുടെ പിന്തുണ ഛദ്ദയ്ക്ക് കൂടുമാറ്റത്തിന് വേണ്ടിവരുമായിരുന്നു. മാത്രമല്ല, ഇവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയും വന്നുചേരുമായിരുന്നു.

Content Highlights: Raghav Chadha moved a private member's bill in 2022 to tighten anti-defection laws., The bill proposed increasing the merger threshold from 2/3 to 3/4 majority., Proposed a 6-year election ban for defecting representatives., Current split of 7 AAP MPs would have been legally barred under the proposed bill., The failure to pass the bill has facilitated the current political realignment.