പെല്ലറ്റ് ഗൺ പ്രയോഗം; RAF ഉദ്യോഗസ്ഥനെതിരെ കേസെടുത്താലും തുടർനടപടികൾ ഉണ്ടാകില്ല?

ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗിച്ച റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) ഉദ്യോഗസ്ഥനെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്ന് സൂചന. ജൂലായ് 20-ന് നടന്ന പാർലമെന്റ് മാർച്ചിനിടെ സേനയുടെ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് നടപടികൾ സ്വീകരിച്ചതെന്നാണ് സിആർപിഎഫിന്റെ അന്തിമ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇക്കാരണത്താൽ, ഉദ്യോഗസ്ഥനെതിരെ കേസെടുത്താലും തുടർനടപടികൾക്കായി പ്രോസിക്യൂഷൻ അനുമതി നൽകേണ്ടതില്ലെന്നാണ് സിആർപിഎഫ് നേതൃത്വത്തിന്റെ നിലവിലെ തീരുമാനം. സിആർപിഎഫിന്റെ സബ്സിഡറി യൂണിറ്റായ ആർഎഎഫ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സേനയുടെ പ്രത്യേക അനുമതി ആവശ്യമാണ്.
എന്നാൽ, സംഭവത്തിൽ പോലീസിനെ പ്രതിരോധത്തിലാക്കുന്ന നിർണ്ണായക വിവരങ്ങളാണ് മെഡിക്കൽ റിപ്പോർട്ടിലൂടെ ഇപ്പോൾ പുറത്തുവരുന്നത്. പ്രതിഷേധത്തിൽ പരിക്കേറ്റ ഒരു വിദ്യാർഥിയുടെ ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ലോഹഭാഗങ്ങൾ കണ്ടെത്തിയതായി മെഡിക്കോ ലീഗൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്ലാസ്റ്റിക് പെല്ലറ്റുകളാണ് ഉപയോഗിച്ചതെന്ന സിആർപിഎഫിന്റെ മുൻപത്തെ വാദങ്ങളെ ഇത് പൂർണ്ണമായും തള്ളിക്കളയുന്നതാണ്. പരിക്കേറ്റ വിദ്യാർഥിയുടെ കഴുത്തിൽ നിന്നും തലയിൽ നിന്നും ലോഹഭാഗങ്ങൾ കണ്ടെത്തിയത് ഗൗരവകരമായ സാഹചര്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
സാധാരണഗതിയിൽ ജമ്മു കാശ്മീരിലെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കും അതിശക്തമായ പ്രതിഷേധങ്ങൾക്കുമെതിരെയാണ് ഇത്തരത്തിലുള്ള മെറ്റാലിക് പെല്ലറ്റുകൾ ഉപയോഗിക്കാറുള്ളത്. എന്നാൽ സമാധാനപരമായി സമരം ചെയ്ത കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർക്കെതിരെ ഇത്തരമൊരു മാരകമായ ആയുധം പ്രയോഗിച്ചോ എന്ന ചോദ്യം പ്രതിഷേധക്കാർക്കിടയിൽ ശക്തമാണ്. ഭീകരർക്കെതിരെ ഉപയോഗിക്കുന്ന രീതിയിലുള്ള അടിച്ചമർത്തൽ മുറകൾ സാധാരണ വിദ്യാർഥി പ്രതിഷേധത്തിന് നേരെ പ്രയോഗിച്ചു എന്ന സംശയം സർക്കാരിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മെറ്റാലിക് പെല്ലറ്റുകളുടെ ഉപയോഗത്തെക്കുറിച്ച് സർക്കാരോ സിആർപിഎഫോ ഇതുവരെയും ഔദ്യോഗിക വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല.
Content Highlights: CRPF report claims RAF followed protocol during the July 20 student protest. Medical reports confirm metallic pellets used.