ബിജെപി-എസ്എഡി സഖ്യം അവിശുദ്ധം, പിന്നിൽ അധികാരത്തോടുള്ള ആർത്തി- വിമർശിച്ച് കോൺഗ്രസ്

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ചണ്ഡീഗഢ്: പഞ്ചാബിൽ ബിജെപിയുമായി സഖ്യം പുനഃസ്ഥാപിച്ച ശിരോമണി അകാലിദളിനെ (എസ്എഡി) കടന്നാക്രമിച്ച് കോൺഗ്രസ്. അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ, തന്റെ ബിജെപി വിരുദ്ധനിലപാടിൽനിന്ന് പിന്മാറിയെന്നും കർഷകസമരത്തെ വഞ്ചിച്ചെന്നും പഞ്ചാബ് കോൺഗ്രസ് ആരോപിച്ചു. അടുത്തകൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കഴിഞ്ഞദിവസമാണ് ബിജെപിയും ശിരോമണി അകാലിദളും വീണ്ടും കൈകോർത്തത്.

പഞ്ചാബിലെ കർഷകർ എസ്എഡി-ബിജെപി സഖ്യത്തെ വിമർശിക്കുന്നെന്ന പത്രവാർത്ത സഹിതം പഞ്ചാബ് കോൺഗ്രസ് എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കോൺഗ്രസിന്റെ വിമർശനം.

'2027-ലെ തിരഞ്ഞെടുപ്പിനായി ബിജെപിയും ശിരോമണി അകാലിദളും തമ്മിൽ രൂപവത്കരിച്ച അവിശുദ്ധ സഖ്യത്തെ പഞ്ചാബിലെ കർഷകസംഘടനകൾ രൂക്ഷമായി വിമർശിച്ചു. അവരുടെ വിമർശനം തികച്ചും ന്യായമാണ്. ബിജെപിയെ നേരത്തെ കർഷകവിരുദ്ധർ, പഞ്ചാബ് വിരുദ്ധർ എന്ന് വിശേഷിപ്പിച്ചിരുന്ന അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ ഇപ്പോൾ വീണ്ടും ബിജെപിയുടെ മുന്നിൽ അഭയംതേടിയെത്തിയിരിക്കുന്നെന്ന് തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. അധികാരം നേടാനുള്ള ആർത്തികൊണ്ടു മാത്രം രൂപവത്കരിക്കപ്പെട്ട സഖ്യമാണിത്. പഞ്ചാബ് നേരിടുന്ന കാർഷിക പ്രതിസന്ധിയെ പൂർണമായും അവഗണിച്ചുകൊണ്ടാണ് ഈ നീക്കം. കർഷകസമരകാലത്ത് ഡൽഹി അതിർത്തിയിൽ നടന്ന ത്യാഗങ്ങൾ പഞ്ചാബികൾ ഒരിക്കലും മറക്കില്ല’, കുറിപ്പിൽ പറയുന്നു.