മഹാരാഷ്ട്രയിലെ റായ്ഗഡിൽ കടലിൽ കുളിക്കാനിറങ്ങിയ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

#ന്യൂസ് ഡെസ്ക്
Photo: x.com/mumbaitak
Photo: x.com/mumbaitak

റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ദിവേഗർ കടൽത്തീരത്ത് ശക്തമായ തിരമാലയിലും ഒഴുക്കിലുംപെട്ട് എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പുണെയിൽനിന്നുള്ള കൗമാരക്കാരാണ് മരിച്ചത്. പുണെ ജില്ലയിലെ ആലന്ദിയിലുള്ള 'വിന്നേഴ്സ് അക്കാദമി' എന്ന സ്വകാര്യ കോച്ചിങ് സെന്ററിലെ വിദ്യാർഥികളാണ് ഇവർ. 170 കിലോമീറ്ററോളം സഞ്ചരിച്ച് വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

വൈകീട്ട് 5.30-ഓടെയാണ് അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 48 അംഗ സംഘം കടൽത്തീരത്ത് എത്തിയത്. 25 ആൺകുട്ടികളും 17 പെൺകുട്ടികളും ആറ് അധ്യാപകരുമാണ് ഈ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ എട്ട് വിദ്യാർഥികൾ കടലിൽ ഇറങ്ങുകയും തിരമാലയിൽപ്പെടുകയുമായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

അപകടം നടന്നയുടൻ ദിവേഗറിലെ ഒരു വാട്ടർ സ്പോർട്സ് ഉടമയും അദ്ദേഹത്തിന്റെ സംഘവും സ്വന്തം ജീവൻ പണയംവെച്ച് ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തി. വാട്ടർ സ്പോർട്സ് സംഘമാണ് കടലിൽനിന്ന് എട്ടുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രദേശവാസികളായ ഗ്രാമീണരുടെ സഹായത്തോടെ മൃതദേഹങ്ങൾ ഏറ്റെടുക്കുകയും പോസ്റ്റ്മോർട്ടത്തിനും ആവശ്യമായ നിയമനടപടികൾക്കുമായി മാറ്റുകയും ചെയ്തു.

Content Highlights: Eight students from a Pune coaching academy tragically drowned in strong waves and currents at Diveagar beach in Raigad district during a study tour.