വളര്‍ത്തു നായയെ മര്‍ദിച്ച ശേഷം കെട്ടിതൂക്കി കൊന്നു; അമ്മയ്ക്കും മകനുമെതിരേ കേസ്

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

പുണെ: വളര്‍ത്തുനായയെ മരത്തില്‍ തൂക്കി കൊന്നതിന് അമ്മയ്ക്കും മകനുമെതിരേ പോലീസ് കേസെടുത്തു. മുല്‍ഷി തഹ്സിലിലെ പിരാംഗുട്ടിലാണ് സംഭവം. പ്രഭാവതി ജഗ്താപിനും അവരുടെ മകന്‍ ഓംകാര്‍ ജഗ്താപിനുമെതിരെയാണ് നായയോട് ചെയ്ത ക്രൂരതയുടെ പേരില്‍ കേസെടുത്തത്. സംഭവത്തെക്കുറിച്ച് ശിവസേന നേതാവ് ആദിത്യ താക്കെറയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.

വിഷയത്തില്‍ നായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ ഹോമായ മിഷന്‍ പോസിബിള്‍ ഫൗണ്ടേഷന്‍ നടത്തുന്ന സന്നദ്ധപ്രവര്‍ത്തകയായ പദ്മിനി സ്റ്റംപാണ് അമ്മയ്ക്കും മകനുമെതിരേ പുണെ റൂറല്‍ പോലീസില്‍ പരാതിപ്പെട്ടത്. 22-നാണ് പ്രഭാവതി അവരുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെ വടികൊണ്ട് തല്ലി ഉപദ്രവിച്ചത്.

തുടര്‍ന്ന് മകന്‍ ഓംകാര്‍ നായയെ മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. മരത്തില്‍ തൂങ്ങിക്കിടക്കുന്ന നായയുടെ ചിത്രം  പ്രചരിച്ചിരുന്നു. നായയ്ക്ക് പേവിഷ ബാധയുണ്ടെന്ന സംശയത്താലാണ് ഇവര്‍ നായയെ ഇപ്രകാരം ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു. നായയെ കൊല്ലും മുന്‍പ് അതിനെ ഏറ്റെടുക്കാന്‍ ഒരു മൃഗസ്നേഹിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നായയെ കെട്ടിക്കൂക്കിയ ചിത്രമാണ് കുടുംബം അയച്ചുകൊടുത്തത്. അങ്ങനെയാണ് പദ്മിനി പരാതിപ്പെടുന്നത്.

Content Highlights: Case Against Woman, Son For Killing Dog