'ഇന്ദിര അന്ന് ശക്തമായ നിലപാടെടുത്തു'; ബംഗ്ലാദേശ് സഭയില്‍ ഉന്നയിച്ച് പ്രിയങ്ക, മൈക്ക് ഓഫാക്കി, ബഹളം

#സ്വന്തം ലേഖകന്‍
പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ | Photo - ANI
പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ | Photo - ANI

ന്യൂഡല്‍ഹി: ബംഗ്ലാദേശ് വിജയദിവസ് ആഘോഷിക്കാത്തതില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. ഇതുസംബന്ധിച്ച് സംസാരിക്കവേ പ്രിയങ്ക ഗാന്ധി എം.പി.യുടെ മൈക്ക് ഓഫ് ചെയ്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. പാക് സൈന്യം കീഴടങ്ങുന്ന ചിത്രം പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് നീക്കം ചെയ്തതായി ചൂണ്ടിക്കാട്ടിയ പ്രിയങ്ക ഗാന്ധി ഇത് യുദ്ധത്തില്‍ മരിച്ച സൈനികരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി. എല്ലാ വര്‍ഷവും ബംഗ്ലാദേശ് വിജയദിവസ് ആഘോഷിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം സര്‍ക്കാര്‍ ഇക്കാര്യം പാര്‍ലമെന്റില്‍ പരാമര്‍ശിക്കാന്‍ പോലും കൂട്ടാക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതിഷേധിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

പ്രിയങ്കാ ഗാന്ധി ഈ വിഷയം ലോക്‌സഭയില്‍ ഉന്നയിക്കുകയും ഇന്ദിരാ ഗാന്ധിയുടെ നേതൃപാടവം ഓര്‍മിപ്പിക്കുകയും ചെയ്തു. ലോകത്തുള്ള എല്ലാ രാജ്യങ്ങളും ബംഗ്ലാദേശിന് നേരെ കണ്ണടച്ചപ്പോള്‍  ഇന്ദിരാ ഗാന്ധിയുടെ നിശ്ചയദാര്‍ഡ്യം കൊണ്ടുമാത്രമാണ് ഇന്ത്യക്ക് അത്തരമൊരു യുദ്ധത്തിനിറങ്ങാനും വിജയം വരിക്കാനും കഴിഞ്ഞതെന്ന് പ്രിയങ്ക പറഞ്ഞു. ഇതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് പ്രിയങ്കയുടെ മൈക്ക് ഓഫ് ചെയ്യപ്പെട്ടത്. ഇതോടെയാണ് സഭയില്‍ ബഹളം തുടങ്ങിയത്. പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് വയനാട് എം.പി.യും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി സഭയില്‍ ഉന്നയിച്ചത്. 

'1971-ല്‍ ബംഗ്ലാദേശില്‍ കൂട്ടക്കൊല നടക്കുന്ന സമയം ഇന്ത്യ മാത്രമാണ് അതിനെതിരെ പോരാടാന്‍ തയ്യാറായത്. ലോകം മുഴുവന്‍ ഈ സംഭവത്തിനുനേരെ കണ്ണടച്ചു, എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചു. രാജ്യം മുഴുവന്‍ പ്രധാനമന്ത്രിക്കൊപ്പം നിന്നു. നമ്മള്‍ യുദ്ധത്തില്‍ വിജയിക്കുക തന്നെ ചെയ്തു. പാകിസ്താന്‍ പട്ടാളം ഇന്ത്യന്‍ പട്ടാളക്കാര്‍ക്കുമുന്നില്‍ കീഴടങ്ങുന്ന ഒരു ചിത്രം പ്രതിരോധ മന്ത്രാലയത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന അത് അവിടെ ഇല്ല. ഇത്, ആ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച സൈനികരെ അപമാനിക്കുന്നതിന് തുല്യമാണ്', പ്രിയങ്ക പറഞ്ഞു. 

'ഇപ്പോഴും ബംഗ്ലാദേശില്‍ പ്രശ്‌നങ്ങള്‍ നടക്കുകയാണ്. പാവപ്പെട്ട ജനങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെടുകയാണ്. എന്നാല്‍ പ്രധാനമന്ത്രിയും ബിജെപി സര്‍ക്കാരും മൗനം പാലിക്കുകയാണ്. അത് പാടില്ല, നമ്മള്‍ ഈ വിഷയത്തില്‍ നിലപാടെടുക്കണം. മാത്രമല്ല, പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും നീക്കം ചെയ്ത ആ വിജയചിത്രം അവിടെ പുനഃസ്ഥാപിക്കണം', പ്രിയങ്ക സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രിയങ്ക സംസാരിക്കുന്നതിനിടെ മൂന്ന് തവണ അവരുടെ മൈക്ക് ഓഫ് ചെയ്യപ്പെട്ടു. ഇതിനുപിന്നാലെ കോണ്‍ഗ്രസ് സഭയില്‍ വലിയ പ്രതിഷേധമുയര്‍ത്തുകയും ഇറങ്ങിപ്പോവുകയും ചെയ്തു. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധ പ്രകടനവും നടത്തി.  

Content Highlights: priyanka gandhi speech on bangladesh vijay diwas in the parliament 2024