നേതൃത്വം ക്രെഡിറ്റ് ഏറ്റെടുക്കാൻ മാത്രമല്ല,ഉത്തരവാദിത്വവും കാണിക്കണം; പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. നേതൃത്വം എന്നത് ക്രെഡിറ്റ് ഏറ്റെടുക്കുന്നതിന് മാത്രമല്ല, ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുന്നത് പ്രധാനമന്ത്രിയുടെ 'ഉത്തരവാദിത്വമില്ലായ്മ'യെയാണ് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന പ്രത്യേക ചര്‍ച്ചയിലായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
'ആഭ്യന്തര മന്ത്രി അമിത് ഷാ ജവഹര്‍ലാല്‍ നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും, തന്റെ അമ്മയുടെ കണ്ണുനീരിനെക്കുറിച്ചും സംസാരിച്ചെങ്കിലും, ശത്രുവിന് പോകാന്‍ ഒരിടവുമില്ലാതിരുന്ന സമയത്ത് എന്തിനാണ് യുദ്ധം നിര്‍ത്തിവെച്ചത്' എന്നതിന് ഉത്തരം നല്‍കിയില്ല. നേതൃത്വം എന്നത് പ്രശംസ നേടുക മാത്രമല്ല, ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണം. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു യുദ്ധം നിര്‍ത്തിവെക്കല്‍. ആ തീരുമാനം യുഎസ് പ്രസിഡന്റ് പ്രഖ്യാപിക്കുന്നതും ആദ്യമാണ്. ഇത് നമ്മുടെ പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മയാണ് കാണിക്കുന്നത്' പ്രിയങ്ക ഗാന്ധി പറഞ്ഞു.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും ഉത്തരവാദിത്വമല്ലേയെന്ന് അവര്‍ ചോദിച്ചു.
'ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ ബൈസരന്‍ താഴ്വരയിലേക്ക് പോകുന്ന കാര്യം സര്‍ക്കാരിന് അറിയില്ലായിരുന്നോ... എന്തുകൊണ്ടാണ് അവിടെ സുരക്ഷയില്ലാതിരുന്നത്?. ഇത്തരമൊരു നിഷ്ഠൂരമായ ഭീകരാക്രമണം നടക്കാന്‍ പോവുകയാണെന്നും പാകിസ്താനില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഒരു രഹസ്യാന്വേഷണ ഏജന്‍സിക്കും അറിവുണ്ടായിരുന്നില്ലേ' പ്രിയങ്ക ചോദിച്ചു.
ഇത് സര്‍ക്കാരിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും വലിയ പരാജയമാണ്. ഇതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? ആരെങ്കിലും രാജിവച്ചോ? അവര്‍ ഭൂതകാലത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു, എന്നാല്‍ വര്‍ത്തമാനകാലത്ത് നടക്കുന്നതിനെക്കുറിച്ച് ആര് ഉത്തരം പറയുമെന്നും പ്രിയങ്ക ചോദിക്കുകയുണ്ടായി.
Content Highlights: Congress MP Priyanka Gandhi criticized PM Modi and the central government for the pahalgam attack