പ്രിയങ്ക കോൺഗ്രസിന്‍റെ പുതിയ നേതൃമുഖം?, ശൈത്യകാലസമ്മേളനവും ചായ് പെ ചർച്ചയും നൽകുന്ന സൂചനയെന്ത് ?

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ മാറിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ സൂചന നൽകി ചായ് പെ ചർച്ച. പാർലമെന്റ് സമ്മേളനം അവസാനിച്ചതിന് ശേഷമുള്ള പരമ്പരാഗത ചായ് പെ ചർച്ചയിൽ സ്പീക്കറും പ്രധാനമന്ത്രിയും മുൻനിരയിൽ ഇരിക്കുന്നത് സാധാരണമാണെങ്കിലും, പ്രിയങ്ക ഗാന്ധി വാദ്രയും അതേ നിരയിൽ ഇരുന്നുകൊണ്ട് ചായ കുടിച്ചത് പ്രത്യേക ശ്രദ്ധ നേടി. സുപ്രിയ സുലെ പോലുള്ള മുതിർന്ന നേതാക്കൾക്ക് പിന്നിൽ ഇരിക്കേണ്ടി വന്നപ്പോൾ പ്രിയങ്കയ്ക്ക് പ്രമുഖസ്ഥാനം ലഭിച്ചു. സ്വന്തം നിയോജകമണ്ഡലമായ വയനാടിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രിയങ്ക സൗഹൃദപരമായ സംഭാഷണം നടത്തിയതായും സൂചനകളുണ്ട്.
ചില അനൗപചാരിക ചായസദസ്സുകളിൽ നിന്ന് വിട്ടുനിൽക്കുന്ന സഹോദരൻ രാഹുൽ ഗാന്ധിയിൽനിന്ന് വ്യത്യസ്തമായി പൊതുവേദികളിലെയും രാഷ്ട്രീയ രംഗത്തെയും സാന്നിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രിയങ്കയുടെ ധാരണയെ ഇത്തരം പ്രവൃത്തികൾ സൂചിപ്പിക്കുന്നു. വയനാട്ടിലെ ദേശീയപാതയെക്കുറിച്ച് ചർച്ച ചെയ്യാൻ നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്താൻ വിനയപൂർവ്വം പ്രിയങ്ക നടത്തിയ ശ്രദ്ധേയമായ ഇടപെടൽ നടത്തിയതിന് പിറ്റേദിവസമാണ് ഈ ചായ് പെ ചർച്ചയിലെ പ്രിയങ്കയുടെ പ്രമുഖ സാന്നിധ്യം ഉണ്ടായത്. കേന്ദ്രമന്ത്രിയുടെ സമ്മേളനത്തിന് ശേഷം അദ്ദേഹത്തെ കാണാൻ ഉടനെ ക്ഷണം ലഭിച്ചത് പാർട്ടികൾക്കിടയിലുള്ള ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രിയങ്കയുടെ കഴിവിന് അടിവരയിടുന്നു.
രാഹുൽ ഗാന്ധി വിട്ടുനിന്നപ്പോൾ, പ്രിയങ്ക പാർലമെന്റിൽ കാര്യമായി നേതൃത്വം ഏറ്റെടുത്തു. എല്ലാ ദിവസവും രാവിലെ 9.30 ന് എത്തുകയും പരമാവധി സഭാനടപടികളിൽ പങ്കെടുക്കുകയും മാധ്യമ ഇടപെടൽ നടത്തുകയും ചെയ്യുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂർ പോലുള്ള ചർച്ചകളിൽ മുമ്പ് ഒഴിവാക്കപ്പെട്ടതായി തോന്നിയ മനീഷ് തിവാരി, ശശി തരൂർ തുടങ്ങിയ വിമതശബ്ദങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള തീരുമാനം അവരുടെതായിരുന്നു. പരിചയസമ്പന്നരായ ഈ നേതാക്കളെ ഒഴിവാക്കുന്നതിലൂടെ പാർട്ടി ബിജെപിക്ക് അവസരം നൽകുകയാണെന്ന് പ്രിയങ്കയ്ക്ക് തോന്നിയിട്ടുണ്ടാകണം.
SHANTI ബിൽ പോലുള്ള പ്രധാന നിയമനിർമ്മാണങ്ങളെക്കുറിച്ച് തിവാരി സഭയിൽ സംസാരിച്ചു. പാർട്ടിയിൽ തരൂരിന്റെ ഒറ്റപ്പെടൽ അവസാനിച്ചതായുള്ള സൂചനയും വരുന്നുണ്ട്. അദ്ദേഹം വിബി-ജി റാം ജി ബില്ലിനെക്കുറിച്ച് സംസാരിക്കുകയും നാഷണൽ ഹെറാൾഡ് വിഷയത്തിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
അമ്മ സോണിയ ഗാന്ധിയെപ്പോലെ, പ്രിയങ്കയും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയ ശൈലിയിൽ വിശ്വസിക്കുന്നതായി തോന്നിപ്പിക്കുന്ന പ്രവൃത്തികളാണ് പ്രിയങ്കയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. പാർട്ടിക്കുള്ളിലെ ഭിന്നതകൾ ബിജെപിയ്ക്ക് രാഷ്ട്രീയ ആയുധങ്ങൾ നൽകുന്നില്ലെന്ന് പ്രിയങ്ക ഉറപ്പാക്കുന്നുണ്ട്. ലോക്സഭയിൽ, പ്രധാനമന്ത്രിയോട് വന്ദേ മാതരം പോലുള്ള സംവേദനാത്മക വിഷയങ്ങളിൽ നേരിട്ട് ഏറ്റുമുട്ടാൻ അവർ മടിച്ചില്ല, ഇത് പല പാർട്ടി അംഗങ്ങളും കൈകാര്യം ചെയ്യാൻ വിമുഖത കാണിച്ച വിഷയമാണ്.
പരിഹാസത്തിന് രാഹുൽ ഗാന്ധിയെ എളുപ്പത്തിൽ ബിജെപി ലക്ഷ്യമിടാമെങ്കിലും, പ്രിയങ്കയുടെ ശാന്തതയും ദീർഘകാല പക വെച്ചുപുലർത്താതിരിക്കാനുള്ള കഴിവും പ്രിയങ്കയെ വ്യത്യസ്തയാക്കുന്നു. തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായുള്ള ബന്ധം വീണ്ടും ശക്തമായതിനെക്കുറിച്ചുള്ള കിംവദന്തികളും ഉയർന്നിട്ടുണ്ട്
ശൈത്യകാല സമ്മേളനം അവസാനിക്കുമ്പോൾ, കോൺഗ്രസിൽ രണ്ട് ശക്തികേന്ദ്രങ്ങൾ ഉയർന്നുവരുന്നത് അവഗണിക്കാനാവാത്തതായി മാറുകയാണ്. രാഹുൽ പ്രത്യയശാസ്ത്രപരമായ പ്രചാരണങ്ങളുടെ മുഖമായി തുടരുമ്പോൾ, പാർട്ടിയുടെ തന്ത്രപരമായ ആസൂത്രണവും ദിനംപ്രതിയുള്ള നടത്തിപ്പും പ്രിയങ്കയെ ഏൽപ്പിക്കുന്നത് നന്നായിരിക്കുമെന്ന് പല പാർട്ടി അംഗങ്ങൾക്കും തോന്നുന്നതായി സൂചനയുണ്ട്. ഈ സമ്മേളനത്തിൽ അവരുടെ വർധിച്ചുവരുന്ന സ്വാധീനം പാർട്ടിയുടെ ഭാവിയിൽ ഒരു വലിയ പങ്കിന് വഴിയൊരുക്കിയേക്കാമെന്നാണ് കരുതപ്പെടുന്നത്.
Content Highlights: Priyanka Gandhi`s prominent role in `Chai Pe Charcha` signals a shift in Congress dynamics. Discover her strategic approach to party affairs and increasing influence.