റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ 'ബന്ധനി' തലപ്പാവ് അണിഞ്ഞ് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി  റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ | Photo: PTI
പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ | Photo: PTI

ന്യൂഡൽഹി: ഇന്ത്യയുടെ വൈവിധ്യത്തിന്റെ പ്രതീകമായി 'ബന്ധനി' തലപ്പാവ് അണിഞ്ഞ്  റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെത്തി  പ്രധാനമന്ത്രി നരേന്ദ്ര മോദി. വർണാഭമായ തലപ്പാവിനൊപ്പം, വെള്ള കുർത്തയും തവിട്ട് കോട്ടും വെള്ള പാൻ്റും ധരിച്ചാണ് അദ്ദേഹമെത്തിയത്. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിന പരിപാടികളിലും പ്രധാനമന്ത്രിയുടെ വസ്ത്രധാരണത്തിൽ  രാജസ്ഥാനി ബന്ധനി പ്രിൻ്റ് തലപ്പാവുകൾ സ്ഥിരം കാഴ്ചയാണ്. 

കർത്തവ്യപഥി‌ൽ പ്രസിഡൻ്റ് ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തിയതോടെ റിപ്പബ്ലിക് ദിന പരിപാടികൾക്ക് തുടക്കമായി. തുടർന്ന് ​ഗൺ സല്യൂട്ടോടെ ദേശീയഗാനം ആലപിച്ചു. നാല് എംഐ-17 IV ഹെലികോപ്റ്ററുകൾ കർത്തവ്യപഥിലെ സദസ്സിനുനേരെ പുഷ്പവൃഷ്ടി നടത്തി.

'നാരി ശക്തി' വിളിച്ചോതുന്ന "ആവഹാൻ" ബാൻഡ് പ്രകടനവും നടന്നു. വിവിധ തരം താളവാദ്യങ്ങൾ വായിച്ച് നൂറിലധികം വനിതാ കലാകാരികളാണ് ബാൻഡിൽ അണിനിരന്നത്.

രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാഥിതിയായി. പരേഡിൽ ഫ്രഞ്ച് സൈനികരുടെ പ്രകടനവും ഉണ്ടായിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനികവാഹനങ്ങള്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്ലോട്ടുകളും പരേഡിൽ അണിനിരന്നു. 

Content Highlights: Prime Minister wearing 'Bandhani' turban at Republic Day celebrations