'അർബൻ നക്‌സലുകളുടെ ഭാഷ, യുവാക്കളെ വഴിതെറ്റിക്കുന്നു'; രാഹുലിന് വായിക്കാൻ പുസ്തകം നിർദേശിച്ച് മോദി

രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി | Photo: PTI
രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി | Photo: PTI

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും രൂക്ഷമായ ഭാഷയില്‍ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില നേതാക്കന്മാര്‍ സംസാരിക്കുന്നത് അര്‍ബന്‍ നക്‌സലുകളുടെ ഭാഷയിലാണെന്നും യുവാക്കളെ വ്യാജവാഗ്ദാനം നല്‍കി വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മോദി.

ഇന്ന് ചില ആളുകള്‍ അര്‍ബന്‍ നക്‌സലുകളുടെ ഭാഷയില്‍ പരസ്യമായി സംസാരിക്കുന്നതും ഇന്ത്യയെ വെല്ലുവിളിക്കുന്നതും അതിനെതിരേ പോരാട്ടം പ്രഖ്യാപിക്കുന്നതും ദൗര്‍ഭാഗ്യകരമാണ്. ഈ ഭാഷ സംസാരിക്കുന്നവര്‍ക്ക് ഭരണഘടനയോ രാജ്യത്തിന്റെ അഖണ്ഡതയോ മനസ്സിലാക്കാന്‍ സാധിക്കില്ല, മോദി പറഞ്ഞു. ജനുവരി 15-ാം തീയതി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് മോദി പരോക്ഷമായി മറുപടി നല്‍കിയത്. 

എല്ലാ സ്ഥാപനങ്ങളെയും ബി.ജെ.പിയും ആര്‍.എസ്.എസും കൈവശപ്പെടുത്തിയെന്നും ഇപ്പോള്‍ നാം ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഭരണകൂടത്തിനെതിരേതന്നെയും പോരാടിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു അന്ന് രാഹുല്‍ പറഞ്ഞത്. ഈ പരാമര്‍ശം വിവാദമാവുകയും പിന്നാലെ ഗുവാഹത്തിയിലെ പാന്‍ ബസാര്‍ സ്‌റ്റേഷനില്‍ രാഹുലിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

പാവപ്പെട്ടവരുടെ കുടിലില്‍ച്ചെന്ന് ഫോട്ടോകളെടുത്ത് സ്വയം ആനന്ദം കണ്ടെത്തുന്നവര്‍ക്ക്, പാര്‍ലമെന്റില്‍ പാവപ്പെട്ടവരേക്കുറിച്ച് കേള്‍ക്കുന്നത് മടുപ്പിക്കുന്നതായിരിക്കുമെന്നും രാഹുലിനെ ഉന്നംവെച്ച് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം മടുപ്പിക്കുന്നതായിരുന്നെന്ന് നേരത്തെ രാഹുല്‍ പ്രതികരിച്ചിരുന്നു. 

ഒരാള്‍ പക്വതയാര്‍ജിച്ചെന്ന് തോന്നിപ്പിക്കാന്‍, വിദേശനയത്തേക്കുറിച്ച് സംസാരിക്കുക എന്നത് ഒരു രീതിയായി മാറിക്കഴിഞ്ഞിരിക്കുന്നെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ വിദേശനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാഹുല്‍ നടത്തിയ പരാമര്‍ശത്തിനായിരുന്നു പ്രധാനമന്ത്രിയുടെ ഈ മറുപടി. വിദേശകാര്യവും നയതന്ത്രവും മനസ്സിലാക്കാന്‍ ശരിക്കും ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ബ്രുസ് റീഡെലിന്റെ JFK'S Forgotten crisis  എന്ന പുസ്തകമെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നെഹ്‌റു 'എന്ത് കളിയാണ് കളിച്ചതെന്ന്' ഈ പുസ്തകം വ്യക്തമാക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഈ പുസ്തകം എഴുതിയിരിക്കുന്നത് ഒരു വിദേശകാര്യ വിദഗ്ധനാണ്. അതില്‍, വിദേശകാര്യവകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. രാജ്യം പ്രതിസന്ധി നേരിട്ട വേളയില്‍ അദ്ദേഹം ജോണ്‍ എഫ്. കെന്നഡിയുമായി നടത്തിയ സംഭാഷണത്തേക്കുറിച്ച് അതില്‍ പറയുന്നുണ്ട്. വിദേശനയത്തിന്റെ പേരില്‍ എന്ത് കളികളാണ് കളിച്ചതെന്ന് ആ പുസ്തകം വിശദമാക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

Content Highlights: prime minister narendra modi hit back at rahul gandhi