സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക്

നരേന്ദ്ര മോദി | Photo :PTI
നരേന്ദ്ര മോദി | Photo :PTI

ന്യൂഡല്‍ഹി: സ്വകാര്യ മേഖലയില്‍നിന്നുള്ള 25 വിദഗ്ധര്‍കൂടി കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദവികളിലേക്ക് നിയമിക്കപ്പെടുന്നു. നിലവില്‍ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, മറ്റ് ഗ്രൂപ് എ പദവികളിലുള്ളവര്‍ എന്നിവര്‍ വഹിക്കുന്ന ചുമതലകളിലേക്കാണ്  ലാറ്ററല്‍ എന്‍ട്രിവഴി പുതിയ നിയമനം നടക്കുക. 

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ നിയമന സമിതി (എ.സി.സി) വിവിധ കേന്ദ്ര സര്‍ക്കാര്‍  വകുപ്പുകളിലേക്ക് ഇതിനോടകം സ്വകാര്യ മേഖലയിലെ വിദഗ്ധരുടെ നിയമനത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. മൂന്ന് ജോയിന്റ് സെക്ടട്ടറിമാരുടെയും 22 ഡയറക്ടര്‍/ ഡെപ്യൂട്ടി സെക്രട്ടറിമാരുടെയും നിയമനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. 

നയ രൂപീകരണത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തസ്തികകളിലേക്ക് സ്വകാര്യ മേഖലയിലെ വിദഗ്ദ്ധരെ നിയമിക്കുന്ന രീതി കേന്ദ്ര പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് മന്ത്രാലയം 2018-ല്‍ ആരംഭിച്ചതാണ്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ റിക്രൂട്ട്മെന്റില്‍ 2021 ഒക്ടോബറില്‍ മൂന്ന് ജോയിന്റ് സെക്രട്ടറിമാര്‍, 19 ഡയറക്ടര്‍മാര്‍, ഒമ്പത് ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരെ കേന്ദ്ര സര്‍ക്കാര്‍ വകുപ്പകളിലേക്ക് ശുപാര്‍ശ ചെയ്തിരുന്നു. 

നിലവില്‍ സ്വകാര്യ മേഖലയിലെ 38 സ്പെഷ്യലിസ്റ്റുകള്‍ ലാറ്ററല്‍ എന്‍ട്രിയിലൂടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിതരായിട്ടുണ്ട്.  ജോയിന്റ് സെക്ടട്ടറി പദവിയിലേക്ക് നിയമിതരായ രണ്ടുപേര്‍ മൂന്ന്  വര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിച്ചിട്ടുമുണ്ട്.

Content Highlights: Lateral entry appointments in cenral govt departments