‘യുവാക്കൾ രാജ്യത്തിന്റെ സ്വത്ത്, പരീക്ഷകൾ പരിഷ്‌കരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നു’

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. യുവാക്കളാണ് രാജ്യത്തിന്റെ സമ്പത്തെന്നും വിദ്യാർഥികൾക്ക് നീതിയുക്തവും സുരക്ഷിതവുമായ പരീക്ഷകൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നതായും ദ്രൗപതി മുർമു പറഞ്ഞു. വന്ദേമാതരത്തിന്റെ പൂർണമായ ആലാപനത്തിന് ശേഷമാണ് രാഷ്ട്രപതിയുടെ അഭിസംബോധന ആരംഭിച്ചത്.
'ഇന്ത്യയുടെ ഭാവി സൃഷ്ടിക്കുന്നവരാണ് വിദ്യാർഥികൾ. ദേശീയസുരക്ഷയ്ക്ക് സർക്കാരും സമൂഹവും ഐക്യത്തോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത പോലെ തന്നെ നമ്മുടെ വിദ്യാർഥികളുടെ വർത്തമാനവും ഭാവിയും സംരക്ഷിക്കുന്നതിന് എല്ലാവരുടേയും കൂട്ടായ പരിശ്രമം ഒരുപോലെ ആവശ്യമാണ്. പരീക്ഷകൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ സമഗ്രമായ നടപടികളാണ് സ്വീകരിക്കുന്നത്. പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ പൂർണമായും തടഞ്ഞ്, പരീക്ഷാ സമ്പ്രദായം കൂടുതൽ സുതാര്യവും സുരക്ഷിതവും വിശ്വാസയോഗ്യവുമാക്കുകയാണ് പരിഷ്‌കാരങ്ങളുടെ ലക്ഷ്യം.' -രാഷ്ട്രപതി പറഞ്ഞു.
എല്ലാ സ്വാതന്ത്ര്യസമര സേനാനികൾക്കും ആദരാഞ്ജലി അർപ്പിച്ച രാഷ്ട്രപതി, രാജ്യത്തിന്റെ പുരോഗതിയിലും വികസനത്തിലും ഓരോ പൗരനും പങ്കുണ്ടെന്നും പറഞ്ഞു. ലോകത്തെ ഡിജിറ്റൽ പെയ്‌മെന്റുകളുടെ പകുതിയിലധികവും ഇന്ത്യയിലാണ്. ഡിജിറ്റൽ വിപ്ലവത്തിന് ഇന്ത്യ മാതൃക സൃഷ്ടിച്ചു. ലോകത്തെ ഏറ്റവും മികച്ച ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറാണ് ഇന്ത്യയുടേതെന്നും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.
25 കോടിയിലധികം ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞത് നേട്ടമാണ്. 59 കോടി അക്കൗണ്ട് ഉടമകളെ ജൻധൻ യോജനാ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞു. ലഖ്പതി ദീദി പദ്ധതിയുടെ പ്രയോജനം മൂന്ന് കോടിയോളം സ്ത്രീകൾക്ക് ലഭിച്ചു. ആഗോളതലത്തിൽ അസ്ഥിരതയുണ്ടായിട്ടും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളർച്ച കൈവരിക്കുന്ന സാഹചര്യമാണ്. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുമെന്നും രാഷ്ട്രപതി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യൻ സായുധസേനയുടെ പോരാട്ടവീര്യത്തെ രാഷ്ട്രപതി പ്രശംസിച്ചു. തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും എവിടെ ഒളിച്ചാലും ശിക്ഷിക്കപ്പെടും എന്ന ശക്തമായ സന്ദേശം നൽകാൻ ഓപ്പറേഷൻ സിന്ദൂറിന് കഴിഞ്ഞു. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള (പാകിസ്താൻ) സിന്ധു നദീജല കരാർ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത് ദേശീയതാത്പര്യം മുൻനിർത്തിയാണ്- രാഷ്ട്രപതി പറഞ്ഞു.
Content Highlights: Addressing the nation on the eve of Independence Day, President Droupadi Murmu described youth as the country's wealth, assured comprehensive government steps to make public exams transparent and secure, and highlighted economic achievements alongside national security initiatives like Operation Sindoor.