എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങ് നാളെ; രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനിലെത്തി

ദ്രൗപദി മുര്‍മു | Photo: Twitter/President of India
ദ്രൗപദി മുര്‍മു | Photo: Twitter/President of India

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനിലെത്തി. ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായാണ്‌ രാഷ്ട്രപതി ലണ്ടനിലെത്തിയത്. ദ്രൗപദി മുര്‍മുവിന്റെ ലണ്ടന്‍ സന്ദര്‍ശനത്തെ കുറിച്ച് രാഷ്ട്രപതി ഭവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

മൂന്ന് ദിവസം രാഷ്ട്രപതി ലണ്ടനിലുണ്ടാവും. സംസ്‌കാര ചടങ്ങുകളിലും ചാള്‍സ് മൂന്നാമന്റെ ക്ഷണപ്രകാരമുള്ള വിരുന്നിലും പങ്കെടുക്കും. ലോകനേതാക്കള്‍ക്കായി ബക്കിങ്ഹാം കൊട്ടാരത്തില്‍ ഞായറാഴ്ചയാണ് വിരുന്നൊരുക്കിയിരിക്കുന്നത്. 

സെപ്തംബര്‍ 8നാണ് എലിസബത്ത് രാജ്ഞി സ്‌കോട്ട്‌ലാന്റിലെ ബാല്‍മോറല്‍ കൊട്ടാരത്തില്‍വെച്ച് അന്തരിച്ചത്. തിങ്കളാഴ്ചയാണ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. 

സെപ്തംബര്‍ 12ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ച് രാജ്ഞിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചിരുന്നു. 

Content Highlights: President Droupadi Murmu Arrives In London To Attend Queen's Funeral