ട്രെയിൻ തട്ടി ഒരാൾ മരിച്ചു;പിന്നാലെ പരിശോധിക്കാൻ ചെന്ന നാലുപേർക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പച്‌ദേവ്ര ഹാൾട്ട് ഓവർബ്രിഡ്ജിന് സമീപം ബുധനാഴ്ച വൈകുന്നേരമുണ്ടായ ട്രെയിൻ അപകടങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. കൽക്ക എക്‌സ്പ്രസ് തട്ടി ഒരാൾ മരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടർന്ന് ട്രെയിൻ നിർത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിൽ പാളത്തിലേക്ക് ഇറങ്ങിയ മറ്റ് യാത്രക്കാരാണ് രണ്ടാമത്തെ അപകടത്തിൽപ്പെട്ടത്.

കൽക്ക എക്‌സ്പ്രസ്സിലെ ജനറൽ കോച്ചുകളിൽ നിന്നുള്ള യാത്രക്കാർ പാളത്തിലേക്ക് ഇറങ്ങി നിൽക്കവേ, മറ്റൊരു ട്രാക്കിലൂടെ വന്ന പുരുഷോത്തം എക്‌സ്പ്രസ് ഇവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബിഹാർ സ്വദേശി ബലിറാം ഭഗത് (36), മിർസാപുർ സ്വദേശി സുനിൽ കുമാർ, ഫിറോസാബാദ് സ്വദേശി ആകാശ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ട് പേരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

അപകടത്തെത്തുടർന്ന് ഹൗറ-ഡൽഹി റൂട്ടിലെ ട്രെയിൻ ഗതാഗതം കുറച്ചുസമയത്തേക്ക് തടസ്സപ്പെട്ടു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും ഉദ്യോഗസ്ഥരോട് അടിയന്തരമായി സ്ഥലത്തെത്താൻ നിർദ്ദേശിക്കുകയും ചെയ്തു. റെയിൽവേ ഈ അപകടത്തെക്കുറിച്ച് ഔദ്യോഗികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർ പാളത്തിൽ ഇറങ്ങി നിന്നതാണ് രണ്ടാമത്തെ വലിയ അപകടത്തിന് കാരണമായതെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.

Content Highlights: Tragedy strikes in Prayagraj as 5 passengers die in a train accident near Pachdevra.