റസ്റ്ററന്റ് ഒലിച്ചുപോയി, ഒരു ചുമർ മാത്രം ബാക്കി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ റസ്റ്ററന്റ്  | X.com/@GoHimachal_
വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ റസ്റ്ററന്റ് | X.com/@GoHimachal_

ന്യൂഡല്‍ഹി: മണാലിയില്‍  കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വന്‍ നാശനഷ്ടം. ഒട്ടേറെ കെട്ടിടങ്ങള്‍ പ്രളയത്തില്‍ ഒലിച്ചുപോയി. ബിയാസ് നദി കരകവിഞ്ഞൊഴുകി. മണാലി-ലേ ഹൈവേ പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം ഭാഗികമായി ഒലിച്ചുപോയ ഒരു റസ്‌റ്റോറന്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ബിയാസ് നദിക്ക് സമീപത്തുള്ള ഷേർ-ഇ-പഞ്ചാബ് റസ്റ്റോറന്റാണ് പ്രളയത്തില്‍ ഒലിച്ചുപോയത്. കെട്ടിടത്തിന്റെ മുന്‍വശത്തെ ഒരു ചുമര്‍ മാത്രമാണ് അവശേഷിക്കുന്നത്. സഞ്ചാരികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട റസ്റ്ററന്റ് കൂടിയാണിത്. പ്രളയത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. 

ചൊവ്വാഴ്ച പലയിടത്തും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം 33 പേരുടെ മുങ്ങിമരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മണ്ണിടിഞ്ഞും മറ്റ് പ്രളയദുരന്തങ്ങളാലും 19 പേര്‍ക്കും ജീവന്‍ നഷ്ടമായി. 

വെള്ളംനിറഞ്ഞ പാതയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെ, നിറയെ ഭാരം കയറ്റിയ ഒരു ട്രക്ക് കഴിഞ്ഞദിവസം കുത്തൊഴുക്കില്‍ ഒലിച്ചുപോയിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലേ-മണാലി ഹൈവേ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുളുവിനും മണാലിക്കും ഇടയിലുള്ള ഹൈവേയുടെ പല ഭാഗങ്ങളും ഒലിച്ചുപോയിട്ടുണ്ട്.

Content Highlights: Popular Manali Restaurant Swept Away In Flood