തിരഞ്ഞെടുപ്പ് ബോണ്ട്: പ്രതിപക്ഷം നുണപ്രചാരണം നടത്തുന്നു, പശ്ചാത്തപിക്കേണ്ടിവരും - മോദി

ന്യൂഡല്‍ഹി: പ്രതിപക്ഷകക്ഷികള്‍ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയേക്കുറിച്ച് നുണപ്രചരണം നടത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തികച്ചും നിര്‍വ്യാജമായ പുനരാലോചന ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ എല്ലാവരും അക്കാര്യത്തില്‍ പശ്ചാത്തപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണത്തിന്റെ വിനിമയം കുറയ്ക്കാനാണ് തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്നും പദ്ധതിയെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ച് ഒളിച്ചോടാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ റദ്ദാക്കിയ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി വിശദമായ പ്രതികരണവുമായി രംഗത്തെത്തുന്നത്.
അന്വേഷണ ഏജന്‍സികളുടെ നടപടികള്‍ക്ക് ശേഷം 16 കമ്പനികള്‍ സംഭാവന നല്‍കിയതായും അതില്‍ 37 ശതമാനം മാത്രമാണ് ബിജെപിയ്ക്ക് ലഭിച്ചതെന്നും ബാക്കി 63 ശതമാനം ബിജെപിയെ എതിര്‍ക്കുന്ന പ്രതിപക്ഷകക്ഷികള്‍ക്കാണ് ലഭിച്ചതെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ സമയത്ത് രാജ്യത്ത് കള്ളപ്പണത്തിന്റെ വിനിമയം വര്‍ധിക്കുന്നതായും അതേക്കുറിച്ച് എല്ലാവരും ഒരുകാലത്ത് പശ്ചാത്തപിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തികച്ചും വിജയകരമായ പദ്ധതിയായി കൂടി തിരഞ്ഞെടുപ്പ് ബോണ്ടുകളെ നോക്കിക്കാണണമെന്നും പദ്ധതിയെ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ഇപ്പോള്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ബില്‍ പാസാക്കുന്ന സന്ദര്‍ഭത്തില്‍ അനുകൂലനിലപാട് സ്വീകരിച്ചവരാണെന്നും മോദി കുറ്റപ്പെടുത്തി. ചെക്കുകള്‍ വഴിയാണ് ബിജെപി തിരഞ്ഞെടുപ്പ് സംഭാവനകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ വ്യാപാര-വ്യവസായ പ്രമുഖരുടെ ആവശ്യപ്രകാരമാണ് ബോണ്ടുകള്‍ വഴി പണം സ്വീകരിക്കാന്‍ ഒരുങ്ങിയതെന്നും മോദി പറഞ്ഞു. ചെക്ക് വഴിയാകുമ്പോള്‍ അവര്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കുന്ന പണത്തേക്കുറിച്ച് കൃത്യമായ വിവരം സര്‍ക്കാരിന് ലഭിക്കുമെന്നും അതവര്‍ക്ക് ദോഷകരമാകുമെന്നും അറിയിച്ചതിനേത്തുടര്‍ന്നാണ് ബോണ്ടുകള്‍ അവതരിപ്പിച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Content Highlights: PM Narendra Modi On Electoral Bonds Scheme