'പ്രതിപക്ഷം ആരെ ശപിച്ചാലും അവര്‍ അഭിവൃദ്ധിനേടും; ഉദാഹരണം ഞാന്‍തന്നെ' - പ്രധാനമന്ത്രി

പ്രധാനമന്ത്രി മോദി ലോക്‌സഭയില്‍ | Photo - ANI
പ്രധാനമന്ത്രി മോദി ലോക്‌സഭയില്‍ | Photo - ANI

ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തിലുള്ള അവിശ്വാസ പ്രമേയത്തിനുള്ള മറുപടിപ്രസംഗത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന് മറ്റുള്ളവരെ 'അനുഗ്രഹി'ക്കാനുള്ള നിഗൂഢമായ കഴിവുണ്ടെന്നും അവര്‍ ആരെ ശപിക്കുന്നുവോ അവര്‍ക്ക് വലിയ അഭിവൃദ്ധി ഉണ്ടാകുമെന്നും താന്‍ തന്നെ അതിന് ഉദാഹരണമാണെന്നും മോദി പറഞ്ഞു. 

"പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അതിജീവിച്ച്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് അതിന്റെ സര്‍വകാലറെക്കോഡ് വരുമാനം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ പണം നഷ്ടപ്പെടുത്തുമെന്നുള്‍പ്പെടെ എല്‍ഐസിയെ കുറിച്ച് പ്രതിപക്ഷം പലതും പറഞ്ഞു. എന്നാല്‍ എല്‍ഐസി ദിനംപ്രതി കരുത്താര്‍ജിക്കുകയാണ്", പ്രധാനമന്ത്രി ഉദാഹരണങ്ങള്‍ നിരത്തി. 

പൊതുമേഖലാസ്ഥാപനങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളേയും പ്രധാനമന്ത്രി പരിഹസിച്ചു. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും കമ്പനിയെ പ്രതിപക്ഷം പഴിക്കുന്നുവെങ്കില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ആത്മവിശ്വാസത്തോടെ ആ കമ്പനിയുടെ ഷെയറുകള്‍ സ്വന്തമാക്കാമെന്നും ആ ഷെയറുകളിലൂടെ അവര്‍ക്ക് ധനികരാകാമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
 

Content Highlights: PM Narendra Modi mocks opposition while replying to non confidence motion