യു.എ.ഇയിൽ മോദിക്ക് ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെ സ്വീകരണം, സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

#ന്യൂസ് ഡെസ്ക്
മോദിയുടെ എയർ ഇന്ത്യ വൺ വിമാനത്തിന് അകമ്പടിയായുള്ള എഫ്-16 ഫൈറ്റർ ജെറ്റ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അബുദാബി വിമാനത്താവളത്തിൽ ഫോട്ടോ - എ.എൻ.ഐ., പി.ടി.ഐ.
മോദിയുടെ എയർ ഇന്ത്യ വൺ വിമാനത്തിന് അകമ്പടിയായുള്ള എഫ്-16 ഫൈറ്റർ ജെറ്റ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അബുദാബി വിമാനത്താവളത്തിൽ ഫോട്ടോ - എ.എൻ.ഐ., പി.ടി.ഐ.

ന്യൂഡൽഹി: അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫൈറ്റർ ജെറ്റുകൾ വിന്യസിച്ച് സ്വീകരിച്ച് യു.എ.ഇ. മോദിയുടെ വിമാനത്തെ യു.എ.ഇ. വ്യോമസേനയുടെ എഫ്.-16 ബ്ലോക്ക് 60 ഡെസേർട്ട് ഫാൽക്കൺ ജെറ്റുകൾ അനുഗമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. എയർ ഇന്ത്യ വൺ എന്ന് നാമകരണമുള്ള ബോയിങ് 777-300ER വിമാനത്തിലാണ് മോദി വെള്ളിയാഴ്ച യു.എ.ഇ.യിലെത്തിയത്.

യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ മോദിയെ സ്വാഗതംചെയ്തു. ഗാർഡ് ഓഫ് ഓണർ നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. യു.എ.ഇ. നൽകിയ വരവേൽപ്പിന് മോദി നന്ദിയറിയിക്കുകയും ചെയ്തു.

പശ്ചിമേഷ്യയിലെ അശാന്തിയെത്തുടർന്നുള്ള ആഗോള ഊർജ പ്രതിസന്ധിക്കിടെയാണ് മോദി അബുദാബിയിലെത്തിയത്. ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ യാത്ര. വ്യാപാരം, നിക്ഷേപം, ഊർജ സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ ഇരുരാജ്യത്തെ നേതാക്കൾ തമ്മിൽ ചർച്ചചെയ്തു.

ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽ.പി.ജി.), സ്ട്രാറ്റജിക് പെട്രോളിയം റിസർവുകൾ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും ഏഴാമത്തെ വലിയ നിക്ഷേപ സ്രോതസ്സുമാണ് യു.എ.ഇ. യു.എ.ഇ. സന്ദർശനത്തിനു പിന്നാലെ നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളും മോദി സന്ദർശിക്കും.

Content Highlights: UAE fighter jets escorted PM Modi's aircraft to Abu Dhabi., Focus on energy security amid global fuel price hikes., New MoUs signed for LPG and Strategic Petroleum Reserves., Strengthening trade, investment, and strategic economic partnership.