'വികൃതിക്കുട്ടികൾ അധിക്ഷേപിച്ചു, മാപ്പുനൽകി ഒപ്പം ചേർക്കാം'; പുതിയ ഇൻസ്റ്റഗ്രാം വീഡിയോയുമായി മോദി

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെയും അന്തരിച്ച തന്റെ മാതാവിനെതിരെയും ഉയർന്ന അധിക്ഷേപങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാത്രി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്.
സംസ്കാരസമ്പന്നമായ ഒരു സമൂഹത്തിന് ചേരാത്തതും അങ്ങേയറ്റം മോശവുമായ പദപ്രയോഗങ്ങളാണ് പ്രതിഷേധത്തിനിടെ യുവാക്കൾ പറഞ്ഞതെന്നും അത് ലോകം മുഴുവനും നേരിട്ട് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇവരോട് ക്ഷമിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. യുവാക്കളെ ശിക്ഷിക്കുന്നതിലല്ല, മറിച്ച് അവരെ നേർവഴിക്ക് നയിക്കുന്നതിലാണ് കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധത്തിൽ പങ്കെടുത്ത കുട്ടികൾ ഇത്തരത്തിലുള്ള ഭാഷ ഉപയോഗിച്ചത് സമൂഹത്തിന് വലിയൊരു സാംസ്കാരിക ആഘാതമാണ് നൽകിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വഴിതെറ്റിപ്പോയ വികൃതി കുട്ടികളാണ് ഇവരെന്നും അവരെ കോടതികൾ കയറ്റുന്നതോ സമൂഹത്തിൽ അപമാനിക്കുന്നതോ പീഡിപ്പിക്കുന്നതോ അവരുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകൾ തിരുത്താൻ അവസരം നൽകേണ്ട പ്രായമാണ് കുട്ടിക്കാലമെന്നും സമൂഹത്തിന്റെ രോഷം ഇവർക്കെതിരെയുള്ള ശിക്ഷാ നടപടികളായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.
വഴിതെറ്റിയവരെ നേർവഴിക്ക് കൊണ്ടുവരുന്നത് പ്രയാസകരമായ ജോലിയാണെങ്കിലും അത് നാം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് രാജ്യത്തിന്റെ വളർച്ചയ്ക്കായി മുന്നോട്ട് വരാൻ അദ്ദേഹം യുവാക്കളെ ക്ഷണിച്ചു. താൻ ജീവിക്കുന്നത് രാജ്യത്തെ യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയാണെന്നും എല്ലാവരും ഒന്നിച്ച് സ്വപ്നങ്ങൾക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: PM Modi expresses forgiveness for personal insults during Jantar Mantar protests., Categorizes the incident as a mistake by misguided youth rather than a malicious act., Advocates for guidance and empathy instead of legal action against the youth., Emphasizes unity and the importance of collective growth for India's future., Uses the analogy of teeth and tongue to explain the bond between the leader and the citizens.