ഇന്ധന നിയന്ത്രണം: സ്വന്തം വാഹനവ്യൂഹം പകുതിയായി വെട്ടിക്കുറച്ച് പ്രധാനമന്ത്രി

#മാതൃഭൂമി ന്യൂസ്
നരേന്ദ്ര മോദി | ഫോട്ടോ: AFP
നരേന്ദ്ര മോദി | ഫോട്ടോ: AFP

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സുപ്രധാന നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇന്ധനക്ഷാമം നേരിടാൻ പൗരന്മാരോട് നിർദ്ദേശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി തന്നെ മാതൃകാപരമായ ഈ തീരുമാനമെടുത്തത്.

പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയായിരിക്കും ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുക.

സുരക്ഷാ വ്യൂഹത്തിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം നിലവിലുള്ള വാഹനങ്ങളെ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഈ നീക്കത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ മറ്റ് മന്ത്രാലയങ്ങളിലും ഡിപ്പാർട്ട്മെന്റുകളിലും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ വാഹന ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

ഇന്ധന ഉപഭോഗം കുറയ്ക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ടപ്പോൾ, മന്ത്രിമാരുടെയും മറ്റും അകമ്പടി വാഹനങ്ങൾ കുറച്ചുകൂടെ എന്ന് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് പ്രധാനമന്ത്രിയുടെ ഈ പുതിയ നടപടി. പ്രധാനമന്ത്രിക്ക് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്.

Content Highlights: PM Modi mandates a 50% reduction in his security convoy vehicles., The initiative addresses the ongoing 2026 fuel crisis caused by West Asian conflicts., Directive issued to convert existing government vehicles to electric systems., Future plans include extending fuel consumption restrictions to other government departments.