വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ, തോക്കുമായി ബോഡിഗാർഡ്; മോദിയുടെ പരിപാടിക്ക് തൊട്ടുമുമ്പ് 2 പേർ പിടിയിൽ

മുംബൈ: മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടി നടക്കുന്നതിന് മുമ്പായി തോക്കും വ്യാജ ഐഡി കാർഡുമായും രണ്ടുപേർ പിടിയിലായി. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ (ബി.കെ.സി) നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ (എൻ.എം.എ.സി.സി) നിന്നാണ് ഇവരെ പിടികൂടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് (ജി.എഫ്.എഫ്) ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലമാണിത്.
സംഭവസ്ഥലത്തുനിന്ന് രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥനാണെന്ന് അവരിൽ ഒരാൾ അവകാശപ്പെട്ടതായാണ് വിവരം. 24 കാരനായ റോഹൻ പരേഖ് എന്നയാളാണ് പിടിയിലായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്കൊപ്പം തോക്കുമായി ഒരാളും ഉണ്ടായിരുന്നു. ഇയാൾ പരേഖിന്റെ ഗൺമാനാണെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്.
പരിശോധനയ്ക്കിടെ പരേഖിന്റെ കൈയിലുണ്ടായിരുന്ന ഐഡി കാർഡ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ (ജി.എഫ്.എഫ്) ഏഴാമത് പതിപ്പ് സെപ്റ്റംബർ 8 മുതൽ 11 വരെയാണ് മുംബൈയിൽ നടക്കുന്നത്.
ഒരാളെ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് വ്യാജ ഐഡികാർഡും മറ്റൊരാളെ തോക്കുമായും കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ ഉദ്ഘാടന പരിപാടി ഇന്ന് വൈകീട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് സുരക്ഷാനിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
Content Highlights: Two individuals arrested at NMACC, Mumbai, ahead of PM Narendra Modi's event., The suspects possessed a gun and a fake PMO ID card., One suspect identified as 24-year-old Rohan Parekh., The incident occurred ahead of the Global Fintech Fest (GFF) scheduled for September 8-11., Mumbai Crime Branch is conducting a detailed investigation into the security breach.