അന്ധവിശ്വാസം വെറുമൊരു തെറ്റിദ്ധാരണയല്ല, ഭയം സൃഷ്ടിച്ച് മനസ്സിനെ കീഴടക്കും- പ്രധാനമന്ത്രി

ന്യൂഡൽഹി: അന്ധവിശ്വാസം പലപ്പോഴും വെറുമൊരു തെറ്റിദ്ധാരണയല്ലെന്നും അത് ഭയം സൃഷ്ടിച്ച് മനസ്സിനെ കീഴടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്ധവിശ്വാസത്തിൽ മുഴുകിയവർ യുക്തിക്കും സത്യത്തിനും നിരക്കാത്ത തീരുമാനങ്ങളെടുക്കുകയും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുകയും ചെയ്യുമെന്നും ‘മൻ കീ ബാത്ത്’ പ്രഭാഷണത്തിൽ മോദി പറഞ്ഞു. അസമിലെ ഒരു അന്ധവിശ്വാസം ഉപേക്ഷിക്കാൻ സ്ത്രീകൾ മുന്നോട്ടുവന്നതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് മോദി ഇക്കാര്യം വിശദീകരിച്ചത്.
അസമിൽ അപൂർവമായി കാണപ്പെടുന്ന ഹർഗില എന്ന പക്ഷിയെ അവിടത്തുകാർ അശുഭകരമായി കണക്കാക്കിയിരുന്നു. ഹർഗിലയുടെ കൂടുള്ള മരങ്ങൾപ്പോലും ആളുകൾ വെട്ടിമാറ്റി. എന്നാൽ, പരിസ്ഥിതി വൃത്തിയാക്കാൻ സഹായിക്കുന്ന ഈ പക്ഷിയെക്കുറിച്ച് ജൈവശാസ്ത്രജ്ഞയായ പൂർണിമാ ദേവി ബർമൻ അവിടുത്തെ സ്ത്രീകൾക്കിടയിൽ ബോധവത്കരണം നടത്തി. ഇതിന്റെ ഫലമായി ഒരുകാലത്ത് ആട്ടിയോടിക്കപ്പെട്ടിരുന്ന പക്ഷി ഗ്രാമങ്ങളുടെ ശുഭസൂചകമായെന്ന് മോദി പറഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും കുറയ്ക്കാനും ഇന്ധനം ലാഭിക്കാനായി കാർ പൂളിങ് നടപ്പാക്കാനും താൻ അഭ്യർഥിച്ചത് ജനങ്ങൾ സ്വീകരിച്ചെന്ന് മോദി പറഞ്ഞു. രാസവസ്തുക്കൾ ഉപയോഗിക്കാത്ത കൃഷി സ്വീകരിക്കാനും വയലുകൾ സംരക്ഷിക്കാനും കഴിയുന്നത്ര പ്രകൃതിദത്തവളങ്ങൾ ഉപയോഗിക്കാനും കർഷകരോട് അഭ്യർഥിച്ചിരുന്നു. ഇതിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് കടപ്പെട്ടിരിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതുപോലെ, ഗണേശോത്സവത്തിന് വിഗ്രഹങ്ങൾ വാങ്ങുമ്പോൾ നമ്മുടെ രാജ്യത്തെ മണ്ണുകൊണ്ട് ഇവിടെ നിർമിച്ചവയാണെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം അഭ്യർഥിച്ചു.
Content Highlights: PM Modi highlights the psychological dangers of superstition., Success story of Purnima Devi Barman in protecting the Hargila bird in Assam., Call for sustainable habits including carpooling and reduced gold consumption., Promotion of natural farming and indigenous Ganesha idols.