'ഒരുവശത്ത് അഴിമതിയുടെ കോട്ട, മറുവശത്ത് രാമനെ സാങ്കല്പിക കഥാപാത്രമാക്കല്‍'; കോണ്‍ഗ്രസിനെതിരേ മോദി

നീമച് (മധ്യപ്രദേശ്): കോണ്‍ഗ്രസ് ഒരുവശത്ത് അഴിമതിയുടെ കോട്ട പണിയുകയും മറുവശത്ത് രാമന്‍ സാങ്കല്പിക കഥാപാത്രമാണെന്ന് പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കെതിരേ പരസ്യമായി ഗൂഢാലോചന നടത്തുന്ന വിദേശ ഘടകങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ നീമചില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
അധികാരത്തിനായി ഭിന്നിപ്പിച്ച് ഭരിക്കുകയും അഴിമതിയില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയുമാണ് കോണ്‍ഗ്രസ്. എല്ലായ്‌പോഴും അവര്‍ രാജ്യത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് അതിന് പരിഹാരമില്ല. സത്യസന്ധവും ധാര്‍മികവുമായ ഭരണമാവണമെന്നാണ് ഗാന്ധിജി പറഞ്ഞത്. രാമരാജ്യമാണ് അദ്ദേഹം വിഭാവനം ചെയ്തത്. എന്നാല്‍, കോണ്‍ഗ്രസ് ഒരുവശത്ത് അഴിമതിയുടെ കോട്ട പണിയുകയും മറുവശത്ത് രാമന്‍ സാങ്കല്പിക കഥാപാത്രമാണെന്ന് പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നതെന്നും മോദി കുറ്റപ്പെടുത്തി.
കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും അധികാരത്തിലിരുന്നപ്പോള്‍ അഴിമതിയുടെ പുതിയ റെക്കോഡുകള്‍ കോണ്‍ഗ്രസ് എല്ലാസമയത്തും സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഗോളതലത്തിലുള്ള വളര്‍ച്ച കോണ്‍ഗ്രസിന് അത്ര സുഖകരമാകുന്നില്ല. ബി.ജെ.പി. സര്‍ക്കാര്‍ എടുത്ത കഠിനവും വലുതുമായ തീരുമാനങ്ങളുടെ ഫലമായാണ് ഇന്ത്യ ആഗോളതലത്തില്‍ ഈ വിധത്തിലുള്ള ഉയര്‍ച്ചയിലെത്തിയത്. കഴിഞ്ഞ പത്തുവര്‍ഷമായി കോണ്‍ഗ്രസിന് ഇത് ദഹിക്കുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Content Highlights: pm modi jabs congress on corruption and the term lord ram imaginery charecter