അഴകും ആഡംബരവും, ചെലവ് 556 കോടി; രാജ്യത്തെ ഏറ്റവും വലിയ ക്രൂസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു

Mumbai International Cruise Terminal | Photo : X /  @airnewsalerts
Mumbai International Cruise Terminal | Photo : X / @airnewsalerts

പോര്‍ബന്തര്‍: ഇന്ത്യയിലെ ഏറ്റവും വിപുലമായ ക്രൂസ് ടെര്‍മിനല്‍, മുംബൈ ഇന്റര്‍നാഷണല്‍ ക്രൂസ് ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്തില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ 'സമുദ്ര സേ സമൃദ്ധി' പദ്ധതിയുടെ ഭാഗമായി 34,200 കോടിയിലേറെ രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.  7,870 കോടിയിലധികം രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുകയും തുടക്കം കുറിക്കുകയും ചെയ്തു. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലെ സുപ്രധാന അടിസ്ഥാന സൗകര്യ നവീകരണം ഈ സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു. 'ആത്മനിര്‍ഭര്‍ ഭാരത'ത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രത്യേകം സംസാരിക്കുകയും ചെയ്തു. 

21-ാം നൂറ്റാണ്ടിലെ ഇന്ത്യ സമുദ്രമേഖലയെ ഒരു വലിയ അവസരമായി കാണുന്നതായും തുറമുഖ വികസനം ത്വരിതപ്പെടുത്തുന്നതിനായി ആയിരക്കണക്കിന് കോടി രൂപയുടെ നിരവധി പദ്ധതികളാണ് നടപ്പിലാകുന്നതെന്ന് 'സമുദ്ര സേ സമൃദ്ധി' പരിപാടിയെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു, "140 കോടി പൗരന്മാരുടെ ഭാവി മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കാന്‍ നമുക്ക് കഴിയില്ല. മറ്റുള്ളവരെ ആശ്രയിച്ച് രാജ്യത്തിന്റെ വികസനം നടപ്പിലാക്കാന്‍ നമുക്ക് കഴിയില്ല. വരും തലമുറയുടെ ഭാവി അപകടത്തിലാക്കാന്‍ നമുക്ക് സാധിക്കില്ല. എല്ലാ പ്രതിസന്ധികള്‍ക്കുമുള്ള പ്രതിവിധി ആത്മനിര്‍ഭര്‍ ഭാരതമാണ്", പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തെ സമുദ്രമേഖലാ വികസനത്തിലെ ഒരു നാഴികക്കല്ലായാണ് മുംബൈ ഇന്റര്‍നാഷണല്‍ ക്രൂസ് ടെര്‍മിനലിനെ വിലയിരുത്തുന്നത്. ആഭ്യന്തര-അന്താരാഷ്ട്ര ക്രൂസ് ടൂറിസത്തില്‍ ഈ ടെര്‍മിനല്‍ മുഖ്യപങ്ക് വഹിക്കുമെന്നാണ് കരുതുന്നത്. 4,15,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ ടെര്‍മിനല്‍, ക്രൂസ് പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മിച്ചിട്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സംവിധാനമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 556 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച നാല് നിലകളുള്ള (G+3) ഈ സമുച്ചയം ഓരോ വര്‍ഷവും ഏകദേശം ഒരു ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും, അതായത് ഒരു ദിവസം ഏകദേശം 10,000 യാത്രക്കാര്‍. ഈ വര്‍ഷം ഏപ്രിലില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ആദ്യ യാത്രകള്‍ ഫളാഗ് ഓഫ് ചെയ്തിരുന്നു. 

ടെര്‍മിനലില്‍ ഒരേസമയം അഞ്ച് ക്രൂസ് കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയും. തിരക്കേറിയ യാത്രാ കാലയളവുകളില്‍ പോലും വേഗത്തിലുള്ള നീക്കങ്ങള്‍ ഈ സൗകര്യം സാധ്യമാക്കുന്നു. സുഗമമായ നീക്കം ഉറപ്പാക്കാന്‍, ചെക്ക്-ഇന്നിനും ഇമിഗ്രേഷനുമായി 72 കൗണ്ടറുകളുണ്ട്. ആഗോള ക്രൂസ് ഷെഡ്യൂളുകള്‍ കൃത്യമായി നിറവേറ്റാന്‍ വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കുന്ന വിശാലമായ ഓപ്പറേഷണല്‍ ഏരിയയുണ്ട്.  ഏകദേശം 1,70,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഓപ്പറേഷണല്‍ ഏരിയ സ്ഥിതിചെയ്യുന്നത്. യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സൗകര്യപ്രദമായ പ്രവേശനം ഉറപ്പാക്കിക്കൊണ്ട്, 300-ലധികം വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പ്രത്യേക പാര്‍ക്കിങ് ബേയും സജ്ജമാക്കിയിട്ടുണ്ട്. 

സമുദ്രപശ്ചാത്തലത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് ടെര്‍മിനലിന്റെ രൂപകല്‍പന. തിരമാലകള്‍ പോലുള്ള മേല്‍ക്കൂര സമുദ്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്, അതേസമയം ഉള്‍വശം ലളിതമാക്കി നിര്‍മിച്ചിരിക്കുന്നു. ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് വേണ്ടി മാത്രമല്ല പൊതുജനങ്ങള്‍ക്കുള്ള ഒരിടം കൂടിയായി ഇത് ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് വിനോദത്തിനും ഷോപ്പിങ്ങിനുമായി ഇവിടം സന്ദര്‍ശിക്കാം. 

സമുദ്ര, നദി, ദ്വീപ് എന്നിവ അധിഷ്ഠിതമായി ക്രൂസ് ടൂറിസം വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ ക്രൂസ് ഭാരത് മിഷന്റെ ഒരു പ്രധാന ഘടകമാണ് ഈ പദ്ധതി. ഓരോന്നിലും 500 ഓളം യാത്രക്കാരെ  വഹിക്കുന്ന ഏകദേശം 200 ക്രൂസ് കപ്പലുകള്‍ പ്രതിവര്‍ഷം കൈകാര്യം ചെയ്യാന്‍ അധികൃതര്‍ ലക്ഷ്യമിടുന്നു. വലിപ്പം, അത്യാധുനിക സൗകര്യങ്ങള്‍, വര്‍ഷം മുഴുവനുമുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ കൊണ്ട് ആഗോളതലത്തില്‍ ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ രാജ്യത്തിന് അഭിമാനമാകുന്ന പദ്ധതിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. 

Content Highlights: PM Modi inaugurated Mumbai International Cruise Terminal