മന്ത്രിസഭായോഗം വിളിച്ച് മോദി; തലസ്ഥാനത്ത് തുടരാൻ മന്ത്രിമാർക്ക് നിർദേശം, നിർണായക തീരുമാനങ്ങൾ?

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയതിനു പിന്നാലെ അടിയന്തര മന്ത്രിസഭായോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച വൈകീട്ട് നാലിന് ഡൽഹിയിലെ സേവാ തീർഥ് ഹാളിലാണ് യോഗം. ഗൾഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും അത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലും ഇന്ധനവിലയിലും ഉണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളും യോഗം വിശദമായി ചർച്ചചെയ്യും.
നിലവിലെ സുപ്രധാന സാഹചര്യങ്ങൾ പരിഗണിച്ച് എല്ലാ കേന്ദ്രമന്ത്രിമാരോടും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരോടും സംസ്ഥാന ചുമതലയുള്ള മന്ത്രിമാരോടും തലസ്ഥാനത്ത് തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനുപുറമെ, മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി മന്ത്രിസഭാ പുനഃസംഘടനയ്ക്കും വിപുലീകരണത്തിനുമുള്ള സാധ്യതകളെക്കുറിച്ച് ഗൗരവകരമായ ആലോചനകളും നടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സർക്കാരിന്റെ ഭരണപരമായ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. നിലവിലുള്ള പശ്ചിമേഷ്യൻ സംഘർഷങ്ങളും അത് ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളും യോഗം വിലയിരുത്തും. പ്രത്യേകിച്ച് എണ്ണവില, ഇന്ധന വിതരണ ശൃംഖല, നാണയപ്പെരുപ്പം എന്നിവയിലുണ്ടാകാൻ ഇടയുള്ള ആശങ്കകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
മോദി 3.0 സർക്കാരിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി മന്ത്രിസഭാ വിപുലീകരണവും പുനഃസംഘടനയും സംബന്ധിച്ച ചർച്ചകൾ നടന്നേക്കാം. ജൂൺ രണ്ടാം വാരത്തോടെ ഇത്തരം മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് സൂചനകളുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനവും സംഘടനാപരമായ കാര്യങ്ങളും യോഗത്തിൽ വിലയിരുത്തപ്പെട്ടേക്കും.
പശ്ചിമേഷ്യൻ പ്രതിസന്ധി നിരീക്ഷിക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ അമിത് ഷാ, നിർമല സീതാരാമൻ, ഹർദീപ് സിങ് പുരി എന്നിവരടങ്ങുന്ന ഒരു ഉന്നതതല മന്ത്രിതല സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ ആവശ്യത്തിന് ക്രൂഡ് ഓയിൽ, എനർജി, എൽപിജി ശേഖരം ഉണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Emergency cabinet meeting called by PM Modi to discuss regional security., Focus on West Asia conflict impact on Indian fuel prices and economy., High-level ministerial committee formed under Rajnath Singh., Speculations regarding Modi 3.0 cabinet expansion and reshuffle.