'ഇറാന്റെ ദുഃഖത്തിൽ പങ്കുചേരുന്നു'; ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഇബ്രാഹിം റെയ്സി, പ്രധാനമന്ത്രി നരേന്ദ്രമോദി | Photo: PTI
ഇബ്രാഹിം റെയ്സി, പ്രധാനമന്ത്രി നരേന്ദ്രമോദി | Photo: PTI

ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ അ​ഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. ഈ ദുഃഖത്തിൽ ഇന്ത്യ ഇറാനൊപ്പം പങ്കുചേരുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. 

'ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ വിയോ​ഗത്തിൽ അ​ഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. ഇന്ത്യ- ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ എല്ലാക്കാലവും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തോടും ഇറാനിലെ ജനങ്ങളോടും അനുശോചനം അറിയിക്കുന്നു. ഈ ദുഃഖത്തിൽ ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു', മോദി എക്സിൽ കുറിച്ചു. 

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും റെയ്സിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഹെലികോപ്റ്റർ അപകടത്തിൽ ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാന്റേയും വിയോ​ഗം ഞെട്ടലുണ്ടാക്കി. അവരോടൊപ്പമുള്ള തന്റെ നിരവധി കൂടിക്കാഴ്ചകൾ ഈ അവസരത്തിൽ ഓർക്കുന്നു. ഈ സമയത്ത് ഇറാനിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും മേയ് 13-ന് കരാറിലേർപ്പെട്ടിരുന്നു. ആദ്യമായാണ് ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. 

തിങ്കളാഴ്ച രാവിലെയാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. കിഴക്കൻ അസർബയ്ജാനിലെ ജോഫയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസർബയ്ജാനുമായിച്ചേർന്ന് അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റെയ്സി.

2021 ജൂണിലാണ് ഇബ്രാഹിം റെയ്സി ഇറാന്റെ പ്രസിഡന്റായി അധികാരമേറ്റത്.1960-ൽ ജനിച്ച റെയ്സി, ടെഹ്റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറലുമായിരുന്ന ശേഷമാണ് പ്രസിഡൻറായത്. 

Content Highlights: PM Modi Condoles President Ebrahim Raisis Death