പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് മഹാത്മ ഗാന്ധിയുടെ പ്രതീകമായി- സ്വാമി സച്ചിദാനന്ദ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് മഹാത്മ ഗാന്ധിയുടെ പ്രതീകമായിട്ടാണെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മഹാത്മ ഗാന്ധി ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിക്ക് ശിവഗിരി മഠത്തോട് പ്രത്യേക അടുപ്പമുണ്ട്. ഏതെങ്കിലും മന്ത്രിയുടേയോ രാഷ്ട്രീയക്കാരുടേയോ ശുപാർശയില്ലാതെയാണ് പ്രധാനമന്ത്രി ചടങ്ങിനെത്തിയത്. ഇതുപോലൊരു പ്രധാനമന്ത്രി മുമ്പ് ഉണ്ടായിട്ടില്ല. സ്വാമി സച്ചിദാനന്ദ പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ശ്രീനാരായണഗുരുവിനെ കുറിച്ച് പരാമർശിച്ചതിന് മഠം നന്ദി രേഖപ്പെടുത്തി.
100 വർഷങ്ങൾക്ക് മുമ്പ്, ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ഇന്നും പ്രചോദനാത്മകവും പ്രസക്തവുമാണ്. ഇരുവരുടെയും സംഗമം വികസിത ഇന്ത്യയുടെ ഊർജ്ജസ്രോതസാണ്. ശ്രീനാരായണഗുരു സമത്വത്തിന് വേണ്ടിയാണ് നിലകൊണ്ടതെന്നും അദ്ദേഹത്തിന്റെ ചിന്തകൾ പ്രസക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ മുഴുവൻ മാനവരാശിക്കും ഒരു വലിയ നിധിയാണ്. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സേവനത്തിനായി സമർപ്പിതരായവർക്ക്, ശ്രീനാരായണ ഗുരു ഒരു വഴികാട്ടിയായി വർത്തിക്കുന്നു. ശിവഗിരി മഠം എപ്പോഴും തന്നോടൊപ്പം നിന്നതിൽ താൻ ശരിക്കും ഭാഗ്യവാനാണ്. മഠത്തിലെ സന്യാസിമാരുടെ സ്നേഹവും വാത്സല്യവും വലിയ അനുഗ്രഹമാണ്. അവർ തന്നിൽ അർപ്പിച്ച വിശ്വാസം താൻ ഒരിക്കലും മറക്കില്ല. അദ്ദേഹം കൂട്ടിചേർത്തു.
Content Highlights: PM Modi`s visit to the centenary celebration of Mahatma Gandhi and Sree Narayana Guru`s meeting