ഇന്ത്യയെ സേവിക്കാൻ കഴിഞ്ഞത് സവിശേഷ ഭാഗ്യം, ജനങ്ങൾക്കുമുന്നിൽ ശിരസ്സ് നമിക്കുന്നു- മോദി

#ന്യൂസ് ഡെസ്ക്
ഭാരത് മണ്ഡപത്തിൽ നടന്ന കോൺക്ലേവിനിടെ പ്രധാനമന്ത്രി | Photo: PTI
ഭാരത് മണ്ഡപത്തിൽ നടന്ന കോൺക്ലേവിനിടെ പ്രധാനമന്ത്രി | Photo: PTI

ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി തുടർച്ചയായി സേവനമനുഷ്ഠിക്കാൻ സാധിച്ചത് തന്റെ 'സവിശേഷ ഭാഗ്യമായി' കരുതുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന എൻഡിഎ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് മറികടന്നുകൊണ്ടാണ് നരേന്ദ്ര മോദി ചരിത്രനേട്ടം കൈവരിച്ചത്. തന്റെ രാഷ്ട്രീയ യാത്രയിൽ ഇത്തരമൊരു നാഴികക്കല്ല് പിന്നിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഈ മുഹൂർത്തം അവിസ്മരണീയമാക്കിയ സഖ്യകക്ഷി നേതാക്കളോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

തിരിച്ചടികളും വെല്ലുവിളികളും നിറഞ്ഞ തന്റെ രാഷ്ട്രീയ യാത്രയിൽ എന്നും ‘മുന്നോട്ട് തന്നെ നീങ്ങുക’ എന്ന മന്ത്രമാണ് തന്നെ നയിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതമാതാവിനെ ഇത്രയും കാലം സേവിക്കാൻ കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്നും ജനങ്ങളെ ദൈവത്തിന്റെ രൂപമായാണ് താൻ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണം ഒരു വ്യക്തിഗത പ്രവർത്തനം അല്ലെന്നും ഒട്ടനവധി സഹപ്രവർത്തകർ തങ്ങളുടെ കർത്തവ്യബോധത്തോടെ പങ്കുചേർന്ന ഒരു 'കൂട്ടായ യജ്ഞ'മാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തിൽ രാഷ്ട്രീയ സ്ഥിരതയുടെ പ്രാധാന്യം രാജ്യത്തെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014-ന് മുമ്പുള്ള പതിറ്റാണ്ടുകൾ അസ്ഥിരതയും പ്രതിസന്ധികളും നിറഞ്ഞതായിരുന്നുവെന്നും അത് രാജ്യത്തിന് ദോഷം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ ഒരു സ്ഥിരതയുള്ള സർക്കാരിന്റെ പ്രവർത്തനക്ഷമതയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും ഇന്ന് തിരിച്ചറിയുന്നുണ്ട്. 2014-ൽ എൻഡിഎ വിജയിച്ചപ്പോൾ ഓരോ സാധാരണക്കാരന്റെ മനസ്സിലും പുതിയ പ്രതീക്ഷ ഉദിച്ചു. ആ പ്രതീക്ഷ നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് തങ്ങളുടെ കൂട്ടായ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ പക്വതയ്ക്ക് മുന്നിൽ താൻ ശിരസ്സ് നമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: PM Modi achieves record-breaking 12-year tenure as Prime Minister., Surpassed Jawaharlal Nehru's long-standing record., Describes governance as a spiritual journey and collective effort., Emphasizes political stability as a key achievement since 2014., Reflects on the 'Chariveti, Chariveti' mantra for progress.