സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരേ മഹാരാഷ്ട്ര സര്ക്കാര് സുപ്രീംകോടതിയില്; പ്രത്യേക സിറ്റിങ്

ന്യൂഡല്ഹി:മാവോവാദി ബന്ധം ആരോപിച്ചുള്ള കേസില് പ്രൊഫ. സായിബാബയെയും മറ്റ് പ്രതികളെയും കുറ്റവിമുക്തമാക്കിയ വിധിക്കെതിരായ അപ്പീല് പരിഗണിക്കാന് സുപ്രീം കോടതിയില് ശനിയാഴ്ച പ്രത്യേക സിറ്റിങ്. ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സര്ക്കാര് നല്കിയ അപ്പീല് പരിഗണിക്കുന്നതിനാണ് പ്രത്യേക സിറ്റിങ്. രാവിലെ 11 മണിക്ക് ജസ്റ്റിസുമാരായ എം.ആര് ഷാ, ബേല എം ത്രിവേദി എന്നിവര് അടങ്ങിയ ബെഞ്ചാണ് അപ്പീല് പരിഗണിക്കുന്നത്.
ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല് അടിയന്തിരമായി പരിഗണിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് മഹാരാഷ്ട്ര സര്ക്കാരിന് വേണ്ടി സോളിസിറ്റര് ജനറല് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര ഹൈക്കോടതി വിധി സ്റ്റേ ചെയ്യില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.
രണ്ട് കാര്യങ്ങള് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര സര്ക്കാര് അപ്പീല് ഫയല് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകള് പരിഗണിക്കാതെ സാങ്കേതിക കാര്യങ്ങള് മാത്രം കണക്കിലെടുത്താണ് സായിബാബ ഉള്പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടത്. യുഎപിഎ ചുമത്തപ്പെട്ട കേസില് ടാഡ കേസുകളുമായി ബന്ധപ്പെട്ട വിധികള് ആണ് ഹൈക്കോടതി പരിഗണിച്ചതെന്നും അപ്പീലില് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാവോവാദി ബന്ധം ആരോപിച്ചുള്ള കേസില് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര് ബെഞ്ചാണ് ഡല്ഹി സര്വകലാശാല മുന് പ്രൊഫസര് ജി.എന്. സായിബാബയേയും നാല് പേരെയും കുറ്റവിമുക്തമാക്കിയത്. 2017-ല് വിചാരണക്കോടതി സായിബാബയും കൂട്ട് പ്രതികളും കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കി കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതി വിധി.
Content Highlights: Plea Against Ex Professor GN Saibaba's Release In Supreme Court Tomorrow