ദീപാവലി ആഘോഷത്തിന് ‘കാര്ബൈഡ് ഗണ്ണുകള്’; മധ്യപ്രദേശില് 14 കുട്ടികള്ക്ക് കാഴ്ചനഷ്ടപ്പെട്ടു, നൂറിലധികംപേര് ആശുപത്രിയില്

ഭോപ്പാല്: ദീപാവലി ആഘോഷത്തിന് കാര്ബൈഡ് ഗണ് ഉപയോഗിച്ചതിന് പിന്നാലെ മധ്യപ്രദേശില് കണ്ണിന് ഗുരുതര പരിക്കേറ്റ് മൂന്നുദിവസത്തിനിടെ ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ടത് 122-ല് അധികം കുട്ടികള്. ഇതില് 14 കുട്ടികള്ക്ക് കാഴ്ചശക്തി പൂര്ണമായും നഷ്ടപ്പെട്ടുവെന്ന് എന്ഡിടിവി റിപ്പോര്ട്ട് ചെയ്തു. ഏറ്റവും കൂടുതല് കുട്ടികള്ക്ക് പരിക്കേറ്റത് വിദിഷ ജില്ലയിലാണെന്നാണ് വിവരം.
കാര്ബൈഡ് ഗണ്ണുകളുടെ വില്പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഒക്ടോബര് 18-ന് പുറത്തെത്തിയിരുന്നുവെങ്കിലും ഇത് പാലിക്കപ്പെടാതിരുന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. ഭോപ്പാല്, ഇന്ദോര്, ജബല്പുര്, ഗ്വാളിയോര് ജില്ലകളിലെ ആശുപത്രികളിലെ നേത്രചികിത്സാ വാര്ഡുകള് ഇതിനകം കുട്ടികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില് മാത്രം 72 മണിക്കൂറിനിടെ 26 കുട്ടികളെയാണ് അഡ്മിറ്റ് ചെയ്തത്.
150-200 രൂപ വിലമതിക്കുന്നവയാണ് കാര്ബൈഡ് ഗണ്ണുകള്. ഇവ അനധികൃതമായി വിറ്റതിന് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാര്ബൈഡ് ഗണ്ണുകള് കളിപ്പാട്ടമല്ലെന്നും ഇംപ്രൊവസൈഡ് എക്സ്പ്ലൊസീവുകളാണെന്നുമാണ് ഡോക്ടര്മാര് പറയുന്നത്. കാര്ബൈഡ് ഗണ്ണുകള് കണ്ണുകള്ക്ക് നേരിട്ട് ക്ഷതമുണ്ടാക്കും. ഇവ പൊട്ടിത്തെറിക്കുന്നതോടെ ലോഹക്കഷണങ്ങളും കാര്ബൈഡ് ബാഷ്പവും പുറത്തെത്തും. ഇത് റെറ്റിനയ്ക്ക് ഗുരുതര കേടുപാടുകളുണ്ടാക്കും. സ്ഥിരമായി കാഴ്ചനഷ്ടത്തിന് വഴിവെക്കുന്നവിധത്തില് കൃഷ്ണമണിക്ക് ഗുരുതര പരിക്കേറ്റ നിരവധി കുട്ടികളെ തങ്ങള് ചികിത്സിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമീദിയ ആശുപത്രിയിലെ സിഎംഎച്ച്ഒ ഡോ. മനീഷ് ശര്മ പറഞ്ഞു.
പ്ലാസ്റ്റിക് അല്ലെങ്കില് ടിന് പൈപ്പുകളില് വെടിമരുന്നും കാല്സ്യം കാര്ബൈഡും ഉള്പ്പെടെയുള്ളവ നിറച്ചാണ് കാര്ബൈഡ് ഗണ് ഉണ്ടാക്കുന്നത്. ഇതിന് തീ കൊളുത്തുന്നതോടെ വലിയ പൊട്ടിത്തെറിയുണ്ടാവുകയും അവശിഷ്ടങ്ങളും പുകയും കുട്ടികളുടെ മുഖത്തേക്ക് നേരിട്ട് പതിക്കുകയുമാണ് ചെയ്യുന്നത്. ഇത് കണ്ണുകള്ക്ക് ഗുരുതര പരിക്കിന് കാരണമാകും. ഇക്കുറി കൂടുതല് കുട്ടികള് കാര്ബൈഡ് ഗണ്ണുകള് ഉപയോഗിക്കാന് കാരണം ഇവയെക്കുറിച്ചുള്ള ഇന്സ്റ്റഗ്രാം റീലുകളുടെയും യൂട്യൂബ് ഷോര്ട്ടുകളുടെയും പ്രചാരണമാണെന്നാണ് സൂചന. ഫയര്ക്രാക്കര് ഗണ് ചലഞ്ച് എന്ന പേരില് നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.
Content Highlights: played with carbide gun on deepavali many children in madhyapradesh lost eyesight