കര്‍ഫ്യൂ ദിനത്തിലും സമരം തുടരുന്ന ഷഹീന്‍ബാഗിന് സമീപം ബോംബേറ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടക്കുന്ന ഡല്‍ഹിയിലെ ഷഹീന്‍ ബാഗിന് സമീപമുള്ള പോലീസ് ബാരിക്കേഡിന് നേരെ പെട്രോള്‍ ബോംബാക്രമണം. ആര്‍ക്കും പരിക്കില്ല, സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ജനതാ കര്‍ഫ്യൂ നടക്കുന്ന ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. 'പ്രതിഷേധക്കാരില്‍ നിന്ന് കുറച്ചകലെയുള്ള പോലീസ് ബാരിക്കേഡുകള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇതിനായി ഉപയോഗിച്ച കുപ്പികള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇക്കാര്യം അന്വേഷിച്ചുവരികയാണ്.'മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കുമാര്‍ ഗ്യാനേഷ് ഐഎഎന്‍എസിനോട് പറഞ്ഞു. ബാരിക്കേഡുകള്‍ക്ക് സമീപം ബൈക്കില്‍ രണ്ടുപേരെ കണ്ടതായും വിശദമായ അന്വേഷണത്തിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഞായറാഴ്ച പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തപ്പോള്‍ തന്നെ ഷഹീന്‍ ബാഗില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. പ്രക്ഷോഭകര്‍ക്ക് മാസ്‌കുകളും ഹാന്‍ഡ് സാനിറ്റൈസറുകളും നല്‍കിയിട്ടുണ്ടെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ഷഹീന്‍ ബാഗില്‍ സംഘാടകര്‍ പറഞ്ഞു. എന്നാല്‍ മുന്‍ദിവസങ്ങളെ അപേക്ഷിച്ച് സമരക്കാരുടെ എണ്ണത്തില്‍ കുറവുണ്ട്.
'കൊറോണ വൈറസില്‍ നിന്ന് ഞങ്ങള്‍ സുരക്ഷിതരായിരിക്കണമെന്ന് പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹം സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവ പിന്‍വലിക്കേണ്ടതായിരുന്നു. നാളെയും ഞങ്ങള്‍ പ്രതിഷേധം നടത്തും.' ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരിലൊരാളായ സലിമ വാര്‍ത്താ ഏജന്‍സിയായ ANI യോട് പറഞ്ഞു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമ്പതിലധികം പേര്‍ ഒത്തുചേരുന്നത് ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മാര്‍ച്ച് 31 വരെയാണ് നിരോധനം. 'മാര്‍ച്ച് 31 വരെ 50 ല്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സമ്മേളനങ്ങള്‍ ഡല്‍ഹിയില്‍ അനുവദിക്കില്ല. പ്രതിഷേധത്തിനും ഈ നിയന്ത്രണം ബാധകമാണെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചത്.
സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവക്കെതിരായി ഷഹീന്‍ ബാഗില്‍ ആരംഭിച്ച സമരം തൊണ്ണൂറിലധികം ദിവസങ്ങള്‍ പിന്നിട്ടു.
Content Highlights:Petrol bomb thrown at Shaheen Bagh, No injuries
Content Highlights: