അരമണിക്കൂർ മൂർഖനുമായി മുഖാമുഖം: കാവൽ നിന്ന പൂച്ച താരമായി

വളർത്തുപൂച്ചയായ സിനു വീടിന് പുറകുവശത്തേക്ക് ഓടുന്നതു കണ്ട് സമ്പത്ത് കുമാർ പരീദയും അതിനെ പിന്തുടർന്നു. വീടിന്റെ പുറകുവശത്തേക്ക് പൂച്ച സാധാരണയായി പോകാത്തതും പതിവില്ലാത്ത തരത്തിലുള്ള പാച്ചിലും കണ്ടാണ് സമ്പത്ത് സിനുവിന്റെ പിന്നാലെ പോയത്. അപ്രതീക്ഷിതമായെത്തിയ ശത്രുവിനെയും അതിനെ പറമ്പിൽ പ്രവേശിപ്പിക്കാതെ പുറകു വശത്തെ അതിർത്തിക്കരികിൽ കാവൽ നിൽക്കുന്ന പൂച്ചയേയും കണ്ട് സമ്പത്ത് ഒന്നമ്പരന്നു. പത്തി വിടർത്തിയ നാലടിയോളം നീളമുള്ള മൂർഖൻ പാമ്പാണ് അതിർത്തിക്കപ്പുറത്ത്. സമ്പത്ത് പൂച്ചയെ വിളിച്ചെങ്കിലും അത് തിരികെ വരാൻ കൂട്ടാക്കാതെ അവിടെ തന്നെ നിന്നു.
സമ്പത്ത് ഉടനെ തന്നെ സ്‌നേക്ക് ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ചു. അവിടെ നിന്ന് ആളെത്താൻ അര മണിക്കൂർ സമയമെടുത്തു. അത്രയും നേരം സിനു പാമ്പിനെ പറമ്പിലേക്ക് കയറ്റാതെ കാവലിരുന്നു. ഇടയ്ക്ക് ഇരുവരും തമ്മിൽ ചെറുതായൊന്ന് ഏറ്റുമുട്ടിയെങ്കിലും പിന്തിരിയാൻ പൂച്ച ഒരുക്കമായിരുന്നില്ല. പ്രതിരോധിക്കാൻ പൂച്ചയെത്തിയതിനെ തുടർന്ന് മൂർഖനും പത്തി താഴ്ത്താനോ അവിടെ നിന്ന് പോകാനോ തയ്യാറായില്ല.
അരുൺ കുമാർ ബാരാൽ എന്ന വോളണ്ടിയർ സ്ഥലത്തെത്തി മൂർഖനെ പിടികൂടി തുണിസഞ്ചിയിലാക്കി. പൂച്ചയെ വിരട്ടിയാണ് അരുൺ പാമ്പിനെ പിടികൂടിയത്. പാമ്പിനെ സഞ്ചിയിലാക്കുന്നതു വരെ പൂച്ച പരിസരത്ത് തന്നെയുണ്ടായിരുന്നു. മൂർഖനെ സഞ്ചിയിലാക്കിയതോടെ സിനുവിന് സമാധാനമായി. അരമണിക്കൂറിലധികം നേരം മൂർഖനെ വിരട്ടി നിർത്തിയ സിനുപ്പൂച്ചയാണിപ്പോൾ പ്രദേശത്തെ ഹീറോ.
ഒഡിഷയിലെ ഭിമതംഗിയിലാണ് സമ്പത്തും കുടുംബവും താമസിക്കുന്നത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞാണ് വീടിന്റെ പരിസരത്ത് പാമ്പെത്തിയത്. മൂർഖനുമായുള്ള കടിപിടിക്കിടെ തങ്ങളുടെ വളർത്തുപൂച്ചയ്ക്ക് കടിയേറ്റിട്ടുണ്ടാവുമോ എന്നായിരുന്നു സമ്പത്തിന്റെ ആശങ്ക. എന്നാൽ അത്തരത്തിലൊന്നും സംഭവിച്ചിട്ടില്ലെന്ന് സിനുവിന്റെ ദേഹപരിശോധനയിൽ നിന്ന് മനസിലായതോടെയാണ് സമ്പത്തിനും കുടുംബാംഗങ്ങൾക്കും ആശ്വാസമായത്. എന്തായാലും സിനുവിന് മുമ്പത്തേക്കാളേറെ സ്‌നേഹവും പരിചരണവുമാണ് വീട്ടുകാർ നൽകുന്നത്.
Content Highlights: Pet cat stands guard against cobra for 30 minutes to save owner’s family
Content Highlights: