രേഖപ്പെടുത്തിയത് 15 ഗ്രാം, ലെയ്സ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം; നഷ്ടപരിഹാരം പലിശയടക്കം നൽകാൻ കോടതി ഉത്തരവ്

ജയ്പുർ: 15 ഗ്രാം തൂക്കം രേഖപ്പെടുത്തിയ 'ലേസ്' പൊട്ടറ്റോ ചിപ്സ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം നൽകിയ സംഭവത്തിൽ നിർമ്മാതാക്കളായ പെപ്സികോ ഇന്ത്യയ്ക്ക് പിഴ ചുമത്തി ജയ്പുർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ജയ്പുരിലെ വ്യാപാരിയായ ചന്ദ്രമൻ ജലാൻ നൽകിയ പരാതിയിലാണ് വിധി.
2020 നവംബർ 10-ന് മെട്രോ കാഷ് ആൻഡ് കാരി ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ ലേസ് ചിപ്സ് പാക്കറ്റ് തുറന്നപ്പോഴാണ് ഭാരക്കുറവ് ശ്രദ്ധയിൽപ്പെട്ടത്. പാക്കറ്റിൽ 15 ഗ്രാം ഭാരം രേഖപ്പെടുത്തിയിരുന്നെങ്കിലും തൂക്കി നോക്കിയപ്പോൾ 4 ഗ്രാം ചിപ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ചിപ്സ് വാങ്ങിയ കടയുടെ ഉടമയെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് 2022 ഏപ്രിലിലാണ് ജലാൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ചിപ്സ് പാക്കറ്റിന്റെ വിലയായ 5 രൂപ 2022 ഏപ്രിൽ 6 മുതൽ 6% വാർഷിക പലിശയോടെ പരാതിക്കാരന് മടക്കി നൽകണമെന്ന് കോടതി നിർദേശിച്ചു. പരാതിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് 5,000 രൂപ നഷ്ടപരിഹാരവും കേസ് ചെലവിലേക്ക് 3,000 രൂപയും (ആകെ 8,000 രൂപ) പെപ്സികോ നൽകണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ഒരു മാസത്തിനകം ഈ തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് 6% വാർഷിക പലിശ ബാധകമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അശോക് ശർമ്മ പ്രസിഡന്റും അജയ് കുമാർ, സുപ്രിയ അഗർവാൾ എന്നിവർ അംഗങ്ങളുമായ ജയ്പൂർ ഉപഭോക്തൃ കമ്മീഷനാണ് കേസ് പരിഗണിച്ചത്. ഉത്പന്നത്തിന്റെ ഭാരക്കുറവിന്റെ ഉത്തരവാദിത്തം പൂർണമായും നിർമാതാക്കൾക്കാണെന്ന ചില്ലറവിൽപനക്കാരുടെ വാദം കോടതി ശരിവെച്ചു. നോട്ടീസ് അയച്ചിട്ടും പെപ്സികോ ഹാജരാകാതിരുന്നതിനെ തുടർന്ന് കമ്പനിക്കെതിരെ ഏകപക്ഷീയമായാണ് വിധി പ്രസ്താവിച്ചത്.
Content Highlights: Jaipur district consumer commission fined PepsiCo for selling an underweight Lays chips packet., A 15g labeled packet contained only 4g of chips, discovered by a Jaipur-based merchant., Court ordered a refund of Rs 5 with 6% interest along with Rs 8,000 as compensation and legal costs., PepsiCo failed to appear in court, leading to an ex-parte judgment.