അഴിമതിക്കേസ്: സ്പെയിൻ പ്രധാനമന്ത്രിയുടെ ഭാര്യ വിചാരണ നേരിടണം; രാജ്യം വിടുന്നത് വിലക്കി കോടതി

#ന്യൂസ് ഡെസ്ക്
പെഡ്രോ സാഞ്ചസ്, ബെഗോണ ഗോമസ് | Photo: AFP
പെഡ്രോ സാഞ്ചസ്, ബെഗോണ ഗോമസ് | Photo: AFP

മാഡ്രിഡ്: സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിനെതിരെ അഴിമതിക്കേസിൽ വിചാരണ നടത്താൻ സ്പാനിഷ് കോടതി ഉത്തരവിട്ടു. ഈ കേസുമായി ബന്ധപ്പെട്ട് ബെഗോണ തന്റെ പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും അനുമതിയില്ലാതെ രാജ്യം വിട്ടുപോകുന്നത് വിലക്കിയതായും ജഡ്ജി ജുവാൻ കാർലോസ് പെയ്നാഡോ ഉത്തരവിൽ വ്യക്തമാക്കി. കൂടാതെ, ഓരോ മാസവും രണ്ട് തവണ ഇവർ കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.

ബിസിനസ് ഇടപാടുകളിലെ അഴിമതി, സ്വാധീനം ദുരുപയോഗം ചെയ്യൽ, പൊതുപണം വകമാറ്റി ചിലവഴിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ബെഗോണ ഗോമസ് നേരിടുന്നത്. മാഡ്രിഡ് സർവ്വകലാശാലയിലെ തന്റെ കരിയർ മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ഭാര്യ എന്ന പദവി അവർ ദുരുപയോഗം ചെയ്തു എന്നാണ് ജഡ്ജി ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും വെറുമൊരു പ്രഹസനമാണെന്നുമാണ് ബെഗോണയും പ്രധാനമന്ത്രി സാഞ്ചസും പ്രതികരിച്ചത്.

ബെഗോണയ്‌ക്കെതിരെയുള്ള വിചാരണ നിലവിൽ സ്പെയിൻ ഭരിക്കുന്ന സഖ്യസർക്കാരിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രധാനമന്ത്രിയുടെ അടുത്ത വൃത്തങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ നിരവധി അഴിമതി കേസുകൾ ഉയർന്നുവന്നിട്ടുണ്ട്. സാഞ്ചസിന്റെ സഹോദരൻ ഡേവിഡ് സാഞ്ചസ്, മുൻ മന്ത്രി ജോസ് ലൂയിസ് അബലോസ് എന്നിവർക്കെതിരെയും വിവിധ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ മുൻനിർത്തി പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആൽബെർട്ടോ നൂനെസ് ഫൈജൂ ആവശ്യപ്പെട്ടു. ഭരണമുന്നണി തകർച്ചയുടെ വക്കിലാണെന്ന ആരോപണങ്ങൾക്കിടയിലും സ്ഥാനമൊഴിയാൻ സാഞ്ചസ് തയ്യാറായിട്ടില്ല.

ജഡ്ജിയുടെ തീരുമാനത്തിനെതിരെ ഭരണപക്ഷമായ സോഷ്യലിസ്റ്റ് പാർട്ടിക്കുള്ളിൽ നിന്നും നിയമവിദഗ്ധർക്കിടയിൽ നിന്നും രൂക്ഷമായ വിമർശനം ഉയർന്നിട്ടുണ്ട്. കോടതി ഉത്തരവ് നീതിയിൽ വിശ്വസിക്കുന്നവർക്ക് നിരാശാജനകമായ ഒന്നാണെന്നും സത്യം ഒടുവിൽ പുറത്തുവരുമെന്നും നീതിന്യായ മന്ത്രി ഫെലിക്സ് ബൊലാനോസ് പ്രതികരിച്ചു.

2018-ൽ സെന്റർ-റൈറ്റ് പീപ്പിൾസ് പാർട്ടിയെ ഉലച്ച വലിയ അഴിമതി ആരോപണങ്ങളെത്തുടർന്ന് നടന്ന വിശ്വാസ പ്രമേയത്തിൽ അവർ പരാജയപ്പെട്ടതിന് പിന്നാലെയാണ് പെഡ്രോ സാഞ്ചസും അദ്ദേഹത്തിന്റെ ഇടതുപക്ഷ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയും അധികാരത്തിൽ വന്നത്. എന്നാൽ, സമാനമായ രീതിയിലുള്ള പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ പെഡ്രോ സാഞ്ചസിന്റെ സർക്കാരും കടന്നുപോകുന്നത്.

Content Highlights: Spanish PM Pedro Sánchez faces mounting pressure as his wife Begoña Gómez stands trial for corruption.